ദില്ലി: ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ വീണ്ടും സമരത്തിലേക്ക്. സമരം നടത്തുമെന്ന് വ്യക്തമാക്കി സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലോക്പാല്‍ നിയമനം എന്ന വാഗ്ദാനം അധികാരത്തിലേറി മുന്നു വര്‍ഷമായിട്ടും പാലിക്കാത്തതില്‍ അമര്‍ഷവും രേഖപ്പെടുത്തിയ കത്തില്‍ ദില്ലിയില്‍ വീണ്ടും സമരം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ലോക്പാല്‍ നിയമനത്തിനു പിന്നാലെ ഭക്ഷ്യസുരക്ഷ, കര്‍ഷക ക്ഷേമം എന്നിവയ്ക്ക് മൂന്‍തൂക്കം നല്‍കുന്ന സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഴിമതി രഹിത ഇന്ത്യ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലോക്പാല്‍ എന്ന ആവശ്യവുമായാണ് അണ്ണാ ഹസാരെ ചരിത്രപരമായ സമരമുഖത്തേക്ക് ഇറങ്ങിയത്. സമരം നടന്ന് ആറു വര്‍ഷമായിട്ടും നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

അഴിമതി രഹിത ഇന്ത്യയ്ക്കായി കേന്ദ്രതലത്തില്‍ ലോക്പാലും, സംസ്ഥാന തലത്തില്‍ ലോകായുക്തയും വേണമെന്നാണ് ഹസാരെയുടെ ആവശ്യം. പ്രധാനമന്ത്രി തന്റെ കത്തിനു മറുപടി നല്‍കിയിട്ടില്ലെന്ന വ്യക്തമാക്കിയ ഹസാരെ സമരം ആരംഭിക്കുന്ന സ്ഥലവും, സമയവും അടുത്ത കത്തില്‍ വ്യക്തമാക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. 

2011 ഏപ്രിലിലാണ് ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെയും സംഘവും ഡല്‍ഹി റാം ലീല മൈതാനിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയത്.