മുംബൈ: മഹാരാഷ്ട്രയിലെ ഉറൻ നാവിക കേന്ദ്രത്തിലേക്ക് ആയുധധാരികൾ കടന്നെന്ന സംശയത്തിൽ കമാണ്ടോകൾ കുറ്റിക്കാടുകളിലും ആൾപാർപ്പില്ലാത്ത കെട്ടിടങ്ങളിലും തിരച്ചിൽ തുടരുന്നു. ഭീകരർ ഇവിടെത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് സേന. ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
ഉറനിലെ കരഞ്ജ നാവികകേന്ദ്രത്തിനടുത്തുള്ള കുറ്റിക്കാടുകളും വിജനമായ പ്രദേശങ്ങളും ആൾപാർപ്പില്ലാത്ത കെട്ടിടങ്ങളും സുരക്ഷാ കമാണ്ടോകൾ അരിച്ചുപെറുക്കി. ആയുധധാരികളെ കണ്ടെന്ന് സ്കൂൾ കുട്ടികളാണ് അറിയിച്ചതെങ്കിൽകൂടി വിഷയം അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കൈകാര്യംചെയ്യുന്നത്.
തീവ്രവാദികളെന്ന് സംശയിക്കുന്നവരിൽ ഒരാൾ മുഖം മറച്ചിരുന്നില്ലെന്നാണ് കുട്ടികൾ പറഞ്ഞത്. ഇയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
ഉറനിൽ ഒഎൻജിസിയുടെ എണ്ണശുദ്ധീകരണ ശാലയുണ്ട്. ഭാഭാ ആണവ ഗവേഷണകേന്ദ്രവും ജവഹർലാൽ നെഹ്റു തുറമുഖവും ഉറന്‍ അടുത്തായാണ്. ഇതെല്ലാം സുരക്ഷാ ആശങ്ക വർദ്ധിപ്പിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. ഭീകരരെ കണ്ടെന്ന കുട്ടികളുടെ മൊഴി സത്യമാണെന്നുകാട്ടി സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് മഹാരാഷ്ട്ര ഡിജിപി സർക്കാരിന് കൈമാറി. ദക്ഷിണമുംബൈയിലെ തന്ത്രപ്രധാനമേഖലകളായ ഗേറ്റ് വേ ഓഫ് ഇന്ത്യ, നാവികആസ്ഥാനം, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം സുരക്ഷാ വലയത്തിലാണ്. തീരസംരക്ഷണ സേന, നേവി, എയർഫോയ്സ്, സിആർപിഎഫ് എന്നിവരെ കൂടാതെ ഭീകരരെ ചെറുക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച എൻഎസ്ജി കമാണ്ടർമാരെയും വിന്യസിച്ചിട്ടുണ്ട്. മുംബൈ ആഴക്കടലിലും പരിശോധന കർശനമാക്കി.
