Asianet News MalayalamAsianet News Malayalam

ഉറി ആക്രമണം: പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ; തെളിവുകള്‍ കൈമാറി

Uri Attack India Hands Pakistan Envoy Evidence And A Warning
Author
Delhi, First Published Sep 21, 2016, 9:14 AM IST

ദില്ലി: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഉറി ആക്രമണത്തില്‍ ശക്തമായ അതൃപ്തി വിദേശകാര്യ സെക്രട്ടറി എസ.ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ അറിയിച്ചു. ഉറി ആക്രമണത്തില്‍ പങ്കില്ലെന്ന്പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍  പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യ പാക് ഹൈക്കമ്മീഷണര്‍ക്ക് കൈമാറി. കൊല്ലപ്പെട്ട ഭീകരരിൽനിന്നും പാക്ക് നിർമിത വസ്തുക്കൾ ഇന്ത്യൻ സേന പിടിച്ചെടുത്തിരുന്നു.

ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന് പാക് മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന പാക്കിസ്ഥാന്‍ ഉറപ്പുനല്‍കിയിട്ടുള്ള കാര്യം വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാനെ ഓര്‍മിപ്പിച്ചു. പഠാൻകോട്ട് വ്യോമതാവളത്തിലെ ആക്രമണം മുതൽ ഈ വർഷം ഇതുവരെ നിയന്ത്രണ രേഖ ലംഘിച്ചുകയറാൻ പലതവണ ഭീകരർ ശ്രമിച്ചതായും ഇന്ത്യ ചൂണ്ടിക്കാട്ടി.

ഈ നിമിഷംപോലും ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ രണ്ടിടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും ജയശങ്കർ പറഞ്ഞു. ഭീകരരെ പിന്തുണയ്ക്കില്ലെന്ന വാഗ്ദാനം പാക്കിസ്ഥാൻ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, ഇന്ത്യ വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നു എന്നാരോപിച്ച് പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ വിമാന സർവ്വീസ് നിര്‍ത്തി വച്ചു. 

ഉറിയിലെ ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി യോഗം വിലയിരുത്തി. ഭീകരാക്രമണത്തോട് കരുതലോടെ പ്രതികരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ശക്തമായി തിരിച്ചടിക്കുന്നതിനൊപ്പം ഭീകരതയുടെ പേരില്‍ രാജ്യാന്തര സമൂഹത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം

 

Follow Us:
Download App:
  • android
  • ios