ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ ഉറിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രണ്ട് ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു. നാല് ഭീകരരെയും സൈന്യം വധിച്ചു. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്തു. ഉറി സെക്ടറില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ചാവേറാക്രമണത്തിന് സമാനമായ രീതിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെയാണ് രണ്ട് ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന വധിച്ചത്.

വന്‍ ആയുധ ശേഖരവുമായി വനത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം തിരിച്ചടിച്ച സൈന്യം മൂന്ന് ഭീകരരെ ഇന്നലെ വധിച്ചിരുന്നു. അവശേഷിച്ച ഭീകരനാണ് ഇന്ന് കൊല്ലപ്പെട്ടത്. വന്‍ ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും തെരച്ചില്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

ഭീകരരില്‍ നിന്ന് എകെ 47 തോക്കുകള്‍, വെടിമരുന്ന്, പാക് അടയാളമുള്ള മറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ ഒരു ജവാനും മൂന്ന് പ്രദേശവാസികള്‍ക്കും പരിക്കേറ്റതായി സൈന്യം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 18 ന് ഉറിയിലെ സൈനിക ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 19 സൈനികരാണ് കൊല്ലപ്പെട്ടത്.