അതിര്‍ത്തി കടന്ന് പാക് അധീന കശ്‍മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തുമ്പോള്‍ റാഞ്ചിയിലെ ജിംഗി മുണ്ടയുടെ വീട്ടില്‍ ഒരു ശ്രാദ്ധമൂട്ട് നടക്കുകയായിരുന്നു. ഉറി ഭീകരാക്രമമത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ ജവ്റ മുണ്ടെയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് കുടുംബം ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തി കടന്നുള്ള നീക്കത്തെക്കുറിച്ച് അറിയുന്നത്. പാകിസ്ഥാന് സമനില നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും ഇതിന് നേരത്തെ തന്നെ മറുപടി നല്‍കണമായിരുന്നെന്നും കുടുംബം പ്രതികരിച്ചു.

ഇതു തന്നെയായിരുന്നു ബീഹാറിലും മഹാരാഷ്‌ട്രയിലുമുള്ള കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ പ്രതികരണം. സൈന്യത്തിലുള്ള വിശ്വാസം വര്‍ദ്ധിച്ചെന്നും ഇവര്‍ പറയുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ പിതാവടക്കം നിരവധി പേര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഉറി ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ജവാന്‍ കൂടി മരണത്തിന് കീഴടങ്ങി. നായിക് രാജ് കിഷോര്‍ സിംഗ് ആണ് ഇന്ന് ദില്ലിയിലെ സൈനികാശുപത്രിയില്‍ മരണപ്പെട്ടത്. ഇതോടെ ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 19 ഉയര്‍ന്നു.