ന്യൂഡൽഹി: ഉറി സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്ഥാന്‍റെ സഹായം ലഭിച്ചിരുന്നതിന് ഭീകരർ ഉപയോഗിച്ച വയർലെസ് സെറ്റുകൾ നിര്‍ണായക തെളിവായേക്കുമെന്ന് സൂചന. ജപ്പാൻ നിർമിത വയർലെസ് സെറ്റുകളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്. ജാപ്പനീസ് കമ്പനിയായ ഐകോമാണിതു നിർമിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തിയിരുന്നു.
ഏതെങ്കിലും രാജ്യത്തിെൻറ സുരക്ഷാ സേനകൾക്ക് മാത്രമേ ഇത്തരം വയർലെസ് സെറ്റുകൾ ഉപയോഗിക്കാൻ സാധിക്കൂ. അതിനാൽ ജപ്പാൻ കമ്പനി ഇവ വിറ്റത് പാകിസ്ഥാനാണോയെന്ന് എൻ ഐ എ പരിശോധിക്കും. ഭീകരരുടെ പക്കൽനിന്നും കണ്ടെടുത്ത വയർലെസ് മോഡൽ സംബന്ധിച്ച വിവരങ്ങൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യ ആരാഞ്ഞിട്ടുണ്ട്.
സെപ്തംബർ 18നാണ് കശ്മീരിലെ ഉറി സൈനിക താവളത്തിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ നാലു ഭീകരരെയും സൈന്യം വധിച്ചു.
