ആദ്യ പകുതിയില്‍ ഉറുഗ്വെ ഒരു ഗോളിന് മുന്നില്‍
മോസ്കോ: ലോകകപ്പില് പ്രീക്വാര്ട്ടറില് പോര്ച്ചുഗലിനെതിരെ ആദ്യ പകുതിയില് ഉറുഗ്വെ ഒരു ഗോളിന് മുന്നില്. കളി തുടങ്ങി ഏഴാം മിനുറ്റില് സുവാരസിന്റെ ക്രോസില് നിന്ന് തകര്പ്പന് ഹെഡറിലൂടെ കവാനിയാണ് ഉറുഗ്വെയെ മുന്നിലെത്തിച്ചത്. ആക്രമണവും പ്രതിരോധവും ശക്തിപ്പെടുത്തി പോര്ച്ചുഗലിനെ ആദ്യ പകുതിയില് ഉറുഗ്വെ തളയ്ക്കുകയായിരുന്നു.
കളിയില് വ്യക്തമായ ആധിപത്യമുറപ്പിച്ചാണ് ഉറുഗ്വെ തുടങ്ങിയത്. ഏഴാം മിനുറ്റില് തന്നെ ഇതിന്റെ ഫലം കണ്ടു. ഇടത് വിങില് നിന്ന് സുവാരസ് നീട്ടിനല്കിയ ക്രോസ് ഉയര്ന്നുചാടി തലകൊണ്ട് വലയിലിട്ട് കവാനി ഉറിഗ്വെക്ക് ലീഡ് നേടിക്കൊടുത്തു. പിന്നാലെ പോര്ച്ചുഗല് പാളയത്തിലെ വിള്ളലുകള് തേടി പലകുറി സുവാരസ്- കവാനി സഖ്യം ഇരമ്പി. എന്നാല് 22-ാം മിനുറ്റില് രണ്ടാം ഗോളിനുള്ള സുവാരസിന്റെ ഫ്രീകിക്ക് ശ്രമം ഗോളി പറന്ന് തട്ടിയകറ്റി.
മറുഭാഗത്ത് റൊണാള്ഡോയെ കേന്ദ്രീകരിച്ചുള്ള പോര്ച്ചുഗലിന്റെ നീക്കങ്ങളെല്ലാം പാളി. ശക്തമായ ഉറുഗ്വെയ്ന് പ്രതിരോധം റോണോയ്ക്ക് പോലും ബാലികേറാ മലയായി. റൊണാള്ഡോയ്ക്ക് മുന്നില് ഉറുഗ്വെന് ഗോള്മുഖം തുറന്നില്ല. ബോക്സിന് പുറത്ത് നിന്ന് 32-ാം മിനുറ്റില് റൊണാള്ഡോയെടുത്ത ഫ്രീകിക്ക് ഉറുഗ്വെയ്ന് മതിലില് തട്ടിത്തെറിച്ചു. ആദ്യ പകുതിക്ക് രണ്ട് മിനുറ്റ് ഇഞ്ചുറിടൈം അനുവദിച്ചെങ്കിലും അപ്പോഴും ഉറുഗ്വെ ആയിരുന്നു ആക്രമണത്തില് മുന്നില്.
