ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച വടക്കന്‍ കൊറിയയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക. വടക്കന്‍ കൊറിയ യുദ്ധത്തിനായി യാചിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. അതിനിടെ, വടക്കന്‍ കൊറിയയ്‌ക്ക് മറുപടിയായി തെക്കന്‍ കൊറിയ സൈനീക നീക്കം ശക്തമാക്കി.

ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിനെത്തുടര്‍ന്നുളള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഉത്തര കൊറിയയക്കെതിരെ കര്‍ശന നടപടി വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടത്. ഉത്തര കൊറിയ യുദ്ധത്തിനായി യാചിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. വിട്ടുവീഴ്ചയുടെ സമയം അവസാനിച്ചതായും അമേരിക്കവ്യക്തമാക്കി. ഈ വര്‍ഷം ഇത് പത്താം തവണയാണ് യു.എന്‍ രക്ഷാസമിതി ഉത്തര കൊറിയ സൃഷ്‌ടിക്കുന്ന ആണവ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നത്. കഴിഞ്ഞ മാസം ചേര്‍ന്ന സുരക്ഷാ സമിതി ഉത്തര കൊറിയക്കെതിരെ ഉപരോധത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. 

അതിനിടെ, ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോബ് പരീക്ഷണത്തിന് ശക്തമായ മറുപടി നല്‍കാനായി ദക്ഷിണ കൊറിയ വന്‍തോതിലുള്ള സൈനിക നീക്കങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. യു.എസ് നിര്‍മിത താഡ് മിസൈല്‍ സിസ്റ്റം സജ്ജീകരിക്കാന്‍ നടപടി തുടങ്ങയ ദക്ഷിണ കൊറിയ ഒന്നിലേറെ സൈനികാഭ്യാസങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഉത്തരകൊറിയയെ പഴിപറഞ്ഞുളള ഈ നടപടി മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ചൈനയും റഷ്യയും മുന്നറിയിപ്പ് നല്‍കി. ഉത്തര കൊറിയയുടെ നടപടി അത്യന്തം അപകടകരമെന്ന് പറഞ്ഞ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉത്തര കൊറിയയുമായി ഇടപാട് നടത്തുന്ന എല്ലാ രാജ്യങ്ങളുമായുളള വ്യപാര ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായും വ്യക്തമാക്കി. അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സൈനിക തിരിച്ചടി നല്‍കുമെന്ന് പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസും അറിയിച്ചു.