വാഷിംഗ്‍ടണ്‍: അഭയാർഥികൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഡോണൾഡ് ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ച കോടതി നടപടിക്കെതിരെ അമേരിക്കൻ നിയമമന്ത്രാലയം അപ്പീൽ നൽകി. ഉത്തരവ് നടപ്പാക്കുന്നത് യു എസ് ഭരണകൂടം നിർത്തി വച്ചതിന് പിന്നാലെയാണ് നിയമമന്ത്രാലയത്തിന്റെ നടപടി

ഇറാൻ, ഇറാഖ്, സിറിയ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കിയ ഡോണൾഡ് ട്രംപിന്റെ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. ഉത്തരവ് രാജ്യത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെഡറൽ ജഡ്ജി ജെയിംസ് റോബാർഡ് ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ചത്. ഇതെ തുടർന്ന് റദ്ദാക്കിയ ആയിരക്കണക്കിന് വിസകൾ യു എസ് പുനസ്ഥാപിച്ചു തുടങ്ങി. വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവരെ അമേരിക്കയിലേക്ക് കൊണ്ടുവരാമെന്ന് അധികൃതർ വിമാനക്കമ്പനികളെ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇറാനിൽ നിന്നുള്ള നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അടിയന്തര ശസ്ത്രക്രിയ ഉടൻ അമേരിക്കയിൽ നടക്കും .

ഇതിന് പിന്നാലെയാണ് നിയമയുദ്ധത്തിലേക്ക് എന്ന സൂചനകൾ നൽകികൊണ്ടുള്ള നിയമമന്ത്രാലയത്തിന്റെ നടപടി. ഉത്തരവ് മരവിപ്പിച്ചതിനെതിരെ നിയമ മന്ത്രാലയം മേൽ കോടതിയിൽ അപ്പീൽ നൽകി.നടപടി ഫലം കാണുമെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അഭിപ്രായപ്പെട്ടു.രാജ്യസുരക്ഷയെന്ന ട്രംപിന്റെ മുദ്രാവാക്യമാകും നിയമമന്ത്രാലയം ഉയർത്തുക. അതിനിടെ ഉത്തരവ് മരവിപ്പിച്ച ജഡ്ജിയുടെ നടപടിയെ ചോദ്യം ചെയ്ത ട്രംപിനെതിരെ വിമർശനങ്ങൾ ഉയർന്നു. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതിൽ പ്രസിഡന്റ് പരാജയപ്പെട്ടെന്നാണ് വിമർശനങ്ങൾ.

അമേരിക്കയുടെ സുരക്ഷയെക്കരുതിയെടുത്ത നടപടി തടുത്തത് ശരിയായില്ലെന്നായിരുന്നു ജഡ്ജിക്കെതിരായ ട്രംപിന്റെ വിമ‌ർശനം.