ഇറാഖിലെ ഇന്ത്യക്കാരുടെ മരണം: അമേരിക്ക അനുശോചിച്ചു

First Published 21, Mar 2018, 11:37 AM IST
US condoles death of 39 Indians in Iraq
Highlights
  • ഭീകരരുടെ തടവിലായിരുന്ന 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം
  • അമേരിക്ക അപലപിച്ചു

ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക അനുശോചനം രേഖപ്പെടുത്തി. തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയ ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം തിരിച്ചറിഞ്ഞതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൊവ്വാഴ്ചയാണ് രാജ്യസഭയെ അറിയിച്ചത്.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. തൊഴിലാളികളായി ഇറാഖിലെത്തിയ ഇവരെ 2014--ല്‍ മൊസൂളില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. 

തട്ടിക്കൊണ്ടു പോയവര്‍ ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ നാല് വര്‍ഷമായി നിലനിന്ന അനിശ്ചിതത്വ അവസാനിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടന്ന കാര്യം സ്ഥിരീകരിച്ചത്. നേരത്തെ പലവട്ടം ഇവര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍.

ഐ.എസ് തീവ്രവാദികള്‍ ബന്ദികളെ കൂട്ടത്തോടെ വെടിവച്ചു കൊന്ന ശേഷം ഒന്നിച്ചു വലിയ കുഴിയില്‍ മറവു ചെയ്യുകയാണ് പതിവ്. ഇത്തരമൊരു കൂട്ടശവക്കുഴിയില്‍ നിന്നുമാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. ഇറാഖിലെത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി.കെ.സിംഗ് ഇടപെട്ട് മൊസൂളില്‍ നിന്നും ബാഗ്ദാദിലെത്തിച്ച ഈ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ നിന്നും ബന്ധുകളുടെ ഡിഎന്‍എ ശേഖരിച്ച് നടത്തിയ പരിശോധനയിലൂടെ തിരിച്ചറിയുകയായിരുന്നു. 

ഡിഎന്‍എ പരിശോധനയില്‍ 38 പേരുടെ പരിശോധനാ ഫലവും നൂറു ശതമാനം കൃത്യമായി വന്നുവെന്നും ഒരാളുടേത് 70 ശതമാനം കൃത്യമായിരുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനായി പ്രത്യേക വിമാനം ഇറാഖിലേക്ക് അയക്കുമെന്നുമാണ് സുഷമ സ്വരാജ് പാര്‍ലമെന്‍റിനെ അറിയിച്ചത്. 

loader