അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാള്‍ഡിന് ട്രംപിന് തിരിച്ചടി. എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. അതേസമയം സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാര്‍ട്ടി നിലനിർത്തി.

വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാള്‍ഡിന് ട്രംപിന് തിരിച്ചടി. എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. അതേസമയം സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാര്‍ട്ടി നിലനിർത്തി.

ഇന്ത്യന്‍ സമയം രാവിലെ 10.45 വരെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 178 സീറ്റുകള്‍ മുന്നേറുകയാണ്. 168 സീറ്റുകളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. സെനറ്റില്‍ 51 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 42 സീറ്റുകളിലും മുന്നിട്ടു നില്‍കുന്നുണ്ട്.

പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇതുവരേയുള്ള ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കുന്ന ജനവിധിയാണിത്. 435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടന്നു. 

ഒഴിവു ദിവസമായിട്ടും വോട്ടെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കൂടുതല്‍ യവജനങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തിയത്. ട്രംപ് വിരുദ്ധ മുന്നേറ്റം പ്രതീക്ഷിച്ച ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസമേകുന്ന ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ വാശിയേറിയ മത്സരമാണ് നടന്നത്. നിലവിൽ ഇരുസഭകളിലും റിപ്പബ്ലിക് പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെ ജയിപ്പിക്കുന്നതിനായി പ്രചരണ റാലികളിൽ ട്രംപ് സജീവമായി പങ്കെടുത്തിരുന്നു. 

ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമയും രംഗത്തിറങ്ങി. ഇരു ശക്തികളും ബലാബലം പരീക്ഷിച്ച തെരഞ്ഞെടുപ്പ് അന്തര്‍ദേശീയ തലത്തിലടക്കം ട്രംപിന് നിര്‍ണായകമാകും. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം വനിതകൾ രം​ഗത്തുള്ള മത്സരമെന്ന പ്രത്യേകതയും തെരഞ്ഞെടുപ്പിനുണ്ട്. 

നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വേകളും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി പ്രവചനം നടത്തിയിരുന്നു. ഡെമോക്രാറ്റുകൾക്ക് അനുകൂലമായ ഒരു ബ്ലൂ വേവ് ഉണ്ടാകുമെന്നായിരുന്നു സര്‍വേ പ്രവചനങ്ങള്‍.