ന്യൂയോർക്ക്: ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിന് കോടതിയുടെ സ്റ്റേ . നടപടിക്ക് ശേഷം കൃത്യമായ വിസയുമായി അമേരിക്കയിലെത്തിയ യാത്രികരെ തിരിച്ചയക്കരുതെന്ന് യു.എസ് ഫെഡറൽ കോടതി ഉത്തരവിട്ടു. ഫെഡറൽ കോടതി ജഡ്ജി ബ്രൂക്ക്ലെനാണ് ശനിയാഴ്ച രാത്രി ഉത്തരവിട്ടത്. പ്രസിഡന്‍റിന്‍റെ ഉത്തരവ് വീണ്ടുവിചാരം ഇല്ലാത്തതാണെന്നും കോടതി പറഞ്ഞു.
നിരോധനം നിലവിൽ വന്നതിന് ശേഷം എകദേശം 200 പേരെങ്കിലും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയെന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ കണക്ക്.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് 120 ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കുന്നതാണ് ട്രംപിന്‍റെ ഉത്തരവ്. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് അമേരിക്കയില്‍ ഉയരുന്നത്.
