ന്യൂയോര്‍ക്ക്: ഭീകരവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്ക പാകിസ്ഥാനുള്ള സഹായം തടഞ്ഞുവെയ്‌ക്കുന്നു. നേരത്തെ പ്രഖ്യാപിച്ച 25.5 കോടി ഡോളറിന്റെ സഹായമാണ് ട്രംപ് ഭരണകൂടം തടയുന്നത്. പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവുന്നതിന്റെ സൂചനായായിട്ടാണ് പുതിയ സംഭവങ്ങളെ അന്താരാഷ്‌ട്ര നിരീക്ഷകര്‍ കാണുന്നത്.
തീവ്രവാദത്തോടുള്ള പാകിസ്ഥാന്റെ നിഷ്ക്രിയ സമീപനം നേരത്തെ കടുത്ത ഭാഷയില്‍ അമേരിക്ക വിമര്‍ശിച്ചിരുന്നു. തീവ്രവാദം അമര്‍ച്ച ചെയ്യനുള്ള ഉദ്യമങ്ങളില്‍ പാകിസ്ഥാന്‍ സഹകരിക്കുന്നില്ലെന്നും തീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കുകയാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ പൗരന്മാരെ ബന്ധികളാക്കിയ ഭീകരകവാദികളെ കൈമാറുന്നതില്‍ പാകിസ്ഥാന്‍ കാണിച്ച നിഷേധാത്മക സമീപനമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തിലായി ഏകദേശം 330 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് അമേരിക്ക പാകിസ്ഥാന് നല്‍കിവന്നത്. എന്നാല്‍ ബന്ധം വഷളായതോടെ പ്രതിഷേധമെന്ന തരത്തില്‍ സഹായം തടഞ്ഞുവെയ്‌ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഭീകരവാദികള്‍ തടവിലാക്കിയ അമേരിക്കന്‍ പൗരയേയും ഭര്‍ത്താവിനെയും കുട്ടികളെയും കഴിഞ്ഞ ഒക്ടോബറിലാണ് പാകിസ്ഥാന്‍ സൈന്യം മോചിപ്പിച്ചത്. ഭീകരവാദികളില്‍ ഒരാളെയും പാക് സൈന്യം അന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്യണമെന്ന അമേരിക്കയുടെ ആവശ്യമാണ് പാകിസ്ഥാന്‍ അംഗീകരിക്കാതിരുന്നത്.
