ലക്‌നൗ: ഗുജറാത്ത് മോഡല്‍ മുന്‍നിര്‍ത്തി യു.പിയിലും അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പദ്ധതികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ നിക്ഷേപ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്ന ചര്‍ച്ചയില്‍ ഫേസ്ബുക്ക്, അഡോബ്, കൊക്കക്കോള, മാസ്റ്റര്‍ കാര്‍ഡ്, മൊണ്‍സാന്റോ, യൂബര്‍, ഹണിവെല്‍ തുടങ്ങിയ നിരവധി കമ്പനി പ്രതിനിധികള്‍ പങ്കെടുക്കും. 

യു.എസ്. ഇന്‍ യു.പി എന്ന ലക്ഷ്യവുമായി 'വൈബ്രന്റ് ഗുജറാത്ത്' മോഡലാക്കി കെമിക്കല്‍, പെട്രോകെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സിമന്റ്, ടെക്‌സറ്റൈല്‍സ് തുടങ്ങിയ സര്‍വമേഖലയിലും വിദേശ നിക്ഷേപം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സിദ്ധാര്‍ഥ് നാഥ് സിങ് പി.ടി.ഐയോട് പറഞ്ഞു.

26 യു.എസ് കമ്പനികള്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കമ്പനികള്‍ ഇതിന്റെ ഭാഗമായുള്ള പ്രഥമ സന്ദര്‍ശനം നടത്തിയിരുന്നു. നാളെയാണ് സുപ്രധാന കൂടിക്കാഴ്ച നടക്കുന്നത്- സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. ജി.എസ്.ടിയാണ് ഇന്ത്യയില്‍ ഇത്തരമൊരു മികച്ച സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. ജി.എസ്.ടി രാജ്യത്തെ ബിസിനസ് ഫ്രണ്ട്‌ലിയാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.