ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്‍ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഖത്തറിലേക്കയക്കുന്നു. നിരന്തര സമ്മര്‍ദങ്ങളിലൂടെ സൗദി സഖ്യരാജ്യങ്ങളെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് റ്റില്ലേഴ്‌സന്റെ പ്രതീക്ഷ. ഖത്തറുമായി ചര്‍ച്ച ചെയ്ത് ഇതിനാവശ്യമായ നയരൂപീകരണം നടത്താന്‍ ഉദ്ദേശിച്ചാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ പരിചയ സമ്പത്തുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഖത്തറിലേക്ക് അയക്കുന്നതെന്നാണ് സൂചന.

കുവൈറ്റുമായി ചേര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രദമാകാതെ വന്നതിനെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് റ്റില്ലേഴ്‌സന്‍ പുതിയ മാര്‍ഗം തേടുന്നത്. റിട്ടയേര്‍ഡ് ജനറലും പശ്ചിമേഷ്യയിലേക്കുള്ള മുന്‍ നയതന്ത്ര പ്രതിനിധിയുമായിരുന്ന ആന്റണി സിന്നിയെയും മറ്റൊരു പ്രതിനിധിയെയും ചര്‍ച്ചകള്‍ക്കായി ഖത്തറിലേക്കയക്കുന്നതിലൂടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുറേകൂടി ആഴത്തില്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍. യു.എസ് നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇസ്രയെലിലും പാലസ്തീനിലും നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് 73 കാരനായ ആന്റോണിയോ സിന്നി. ഉപരോധം പ്രഖ്യാപിച്ചത് മുതല്‍ യു. എസിനോട് നല്ല രീതിയിലായിരുന്നു ഖത്തറിന്റെ പ്രതികരണമെന്നും പ്രതിസന്ധി തീര്‍ക്കാന്‍ തങ്ങള്‍ കാണിക്കുന്ന താല്പര്യത്തിനു കാരണം ഇതാണെന്നും റെക്‌സ് റ്റില്ലേഴ്‌സന്‍ വ്യക്തമാക്കി. സൗദി സഖ്യരാജ്യങ്ങളുമായും പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വാഷിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന് സര്‍വ്വ പിന്തുണയും നല്‍കാന്‍ ഖത്തര്‍ തയ്യാറാണെന്ന് അമേരിക്കയുമായി നടത്തിയ കരാര്‍ സൂചിപ്പിച്ചു കൊണ്ട് ടില്ലെഴ്‌സന്‍ പറഞ്ഞു. ഇതിനിടെ ഉപരോധവുമായി ബന്ധപ്പെടുത്തി ഹജ്ജിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണത്തില്‍ ഖത്തറും സൗദിയും തമ്മില്‍ മാധ്യമങ്ങള്‍ വഴിയുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്യുമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തി തീര്‍ത്ഥാടകര്‍ക്ക് അപ്രഖ്യാപിത വിലക്ക് കല്‍പിക്കുകയാണെന്നും ഹജ്ജിനെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് സൗദി ശ്രമിക്കുന്നതെന്നും ഖത്തര്‍ ആരോപിക്കുന്നു. എന്നാല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു തരത്തിലുള്ള വിലക്കും ഏര്‍പെടുത്തിയിട്ടില്ലെന്നും ഖത്തറാണ് ഹജ്ജിനെ രാഷ്ട്രീയ ആയുധമാക്കി യുദ്ധ പ്രഖ്യാപനം നടത്തുന്നതെന്നുമായിരുന്നു സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.