സിറിയ: സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 106 പേര്‍ മരിച്ചു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഈജിപ്തില്‍ തലസ്ഥാനമായ കെയ്‌റോക്ക് സമീപം ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 26 പേര്‍ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഐഎസിന് ആധിപത്യമുള്ള ദേര്‍ അസോറില്‍ സഖ്യസേന നടത്തിയ ആക്രമണത്തിലാണ് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സഖ്യസേന ലക്ഷ്യമിട്ടത് ഐഎസിനെയാണെങ്കിലും സാധാരണക്കാരാണ് കൊല്ലപ്പെട്ട് മുഴുവനും. രണ്ട് ആക്രമണങ്ങളിലായാണ് ഇത്രയും പേര്‍ മരിച്ചതെന്ന് സിറിയയിലെ ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയായ എസ്ഒഎച്ച്ആര്‍ വ്യക്തമാക്കി. 

അതേസമയം സഖ്യസേനയോ അമേരിക്കയോ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടയിലാണ് ഈജിപ്തില്‍ കെയ്‌റോക്ക് 135 കിലോമീറ്റര്‍ തെക്ക് മിനിയാ പ്രവിശ്യയില്‍ സെയ്ന്റ് സാമുവല്‍ ആശ്രമത്തിലേക്ക് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ക്രൈസ്തവ സംഘം ആക്രമിക്കപ്പെട്ടത്. രണ്ട് ബസുകളിലും ഒരു ട്രക്കുമായി യാത്ര തിരിച്ച കോപ്റ്റിക് ക്രൈസ്തവ സംഘത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

മൂന്ന് വാഹനങ്ങളിലായി എത്തിയവര്‍ ബസ് തടഞ്ഞ് യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന ദൃക്‌സാക്ഷികള്‍ പറഞ്ഞു. പത്ത് പേരടങ്ങുന്ന സംഘം മുഖംമൂടി ധരിച്ചിരുന്നതായും ദൃക്‌സാക്ഷികള്‍ വിവരിച്ചു. ഈജിപ്തിലെ ന്യൂനപക്ഷ ക്രൈസ്തവ വിഭാഗമായ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് തുടരെ നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണിതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ മാസം ഒമ്പതിന് അലക്‌സാണ്‍ട്രിയയിലും താന്റയിലും കോപ്റ്റിക് പള്ളികളില്‍ നടന്ന ചാവേറാക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.