വാഷിംഗ്ടണ്‍: എച്ച് 1ബി വിസയില്‍ എത്തുന്നവരുടെ ജീവിതപങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന നിയമം ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. ഒബാമ സര്‍ക്കാരാണ് വിദ്യാഭ്യാസ യോഗ്യതകളുള്ള ജീവിതപങ്കാളിക്ക് എച്ച് 1 ആശ്രിതവിസയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയത്. 2016ല്‍ എച്ച് 4 ആശ്രിതവിസയുള്ള 41,000 പേര്‍ക്ക് യുഎസില്‍ ജോലി കിട്ടിയിരുന്നു.

ഇന്ത്യയില്‍നിന്നുള്ള ഐടി ജീവനക്കാരെയാണ് ഈ നീക്കം പ്രതികൂലമായി ബാധിക്കുക. ഇന്ത്യന്‍ ഐടി വ്യവസായത്തിനും നടപടി തിരിച്ചടിയാകും. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നേരത്തേ അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴിലിടങ്ങളില്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം എച്ച് 1 ബി വിസയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.