ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ അമേരിക്ക വ്യക്തമാക്കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്‍മാര്‍ ശ്രദ്ധിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ദക്ഷിണേഷ്യയില്‍ ആകമാനം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഈ രാജ്യങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഭീകരാക്രമണം ഉണ്ടാകാം. ഭീകരര്‍ അമേരിക്കന്‍ പൗരന്‍മാരെയാണ് കൂടുതലായി ലക്ഷ്യം വെക്കുന്നതെന്നും അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്നും അമേരിക്ക മുന്നറിയിപ്പില്‍ പറയുന്നുണ്ട്. പാകിസ്ഥാനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ബംഗ്ലാദേശിലെ അമേരിക്കന്‍ സ്ഥാപനങ്ങളും ഭീകരരുടെ ലക്ഷ്യകേന്ദ്രങ്ങളാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.