ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ കുവൈറ്റിന്റെ പങ്കാളിത്തം മുഖ്യമാണെന്ന് ഐ.എസിനെതിരേയുള്ള ആഗോള സഖ്യത്തിനായുള്ള അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രത്യേക പ്രതിനിധി അഭിപ്രായപ്പെട്ടു. മാനുഷിക പ്രവര്‍ത്തനങ്ങളിലൂന്നിയുള്ള കുവൈറ്റിന്റെ പങ്ക് സ്തുത്യര്‍ഹമാണെന്നും പ്രതിനിധി ബ്രെറ്റ് മക് ഗര്‍ക് അഭിപ്രായപ്പെട്ടു

തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റിനെതിരെ ആഗോള തലത്തില്‍ സഖ്യനീക്കം സംഘടിപ്പിച്ചെങ്കിലും കുവൈറ്റിന്റെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആഗോള സഖ്യത്തിനായുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ബ്രെറ്റ് മക്ഗര്‍ക് പറഞ്ഞത്. കുവൈറ്റില്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഐ.എസിനെതിരെയുള്ള പ്രയാസമേറിയ ദൗത്യത്തില്‍ അമേരിക്കക്കു നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദിയര്‍പ്പിക്കുകയാണ് തന്റെ സന്ദര്‍ശന ദൗത്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദികളുടെ പിടിയിലകപ്പെട്ട സ്ഥലങ്ങളില്‍ നടത്തുന്ന യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കുവൈറ്റ് റെഡ് ക്രെസന്റ് സൊസൈറ്റി പോലുള്ള ദുരിതാശ്വാസ സംഘടനകളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.

2014ല്‍ തീവ്രവാദ പ്രവര്‍ത്തനം തടയാനായി സഖ്യകക്ഷി നീക്കം രൂപീകരിച്ചതിനുശേഷം 50,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇവരുടെ പിടിയില്‍നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിലെ രണ്ടര ദശലക്ഷം ജനങ്ങളെ തീവ്രവാദികളുടെ അരാജകത്വത്തില്‍നിന്ന് മോചിപ്പിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്ത 1.6 ദശലക്ഷം ജനങ്ങളെ തിരിച്ചുകൊണ്ടുവരാനായി. ഇറാഖി സുരക്ഷാ സേനയ്‌ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ സാധിച്ചതില്‍ സഖ്യസേനയ്‌ക്ക് അഭിമാനമുണ്ടെന്നും മക് ഗര്‍ക് വ്യക്തമാക്കി.