ആണവ നയത്തിന്‍റെ പേരില്‍ ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ അമേരിക്ക ഇന്ന് നിലപാട് വ്യക്തമാക്കും. ഇതിനിടയില്‍ കുടിയേറ്റക്കാര്‍ക്കെതിരായ പ്രസ്താവനയുടെ പേരില്‍ ഡോണള്‍ഡ് ട്രംപ് വീണ്ടും വിവാദത്തിലായി. പ്രസിഡന്‍റായി ചുമതലയേറ്റ മുതല്‍ കുടിയേറ്റക്കാര്‍ക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുന്ന ട്രംപിനെ ഇക്കുറി വെട്ടിലാക്കിയത് സ്വന്തം നാക്കാണ്. 

കുടിയേറ്റ ചര്‍ച്ചക്കിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്ത്തിക്കും സാല്‍വദോറിനും എതിരെ നടത്തിയ പരാമര്‍ശമാണ് ട്രംപിനെ വിവാദത്തിലാക്കിയിരിക്കുന്നത്. ഈ വൃത്തികെട്ട രാജ്യക്കാര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത് എന്നായിരുന്നു ട്രംപിന്‍റെ ചോദ്യം. അമേരിക്കന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ട്രംപിന്‍റെ വിവാദ പരാമര്‍ശമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയിട്ടുണ്ട്. 

പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ തള്ളിപ്പറയാതിരുന്ന വൈറ്റ്ഹൗസ് അമേരിക്കന്‍ ജനതയുടെ താത്പര്യമാണ് ട്രംപ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്‍റ് കുടിയേറ്റക്കാര്‍ക്കെതിരല്ലെന്നും രാജ്യത്തിന് സംഭാവന നല്‍കുന്നവരെ അദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ടെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഹെയ്ത്തികാര്‍ മുഴുവന്‍ എയ്ഡ്‍സ് വാഹകരാണെന്ന പ്രസ്താവന ട്രംപിനെ വിവാദത്തിലാക്കിയിരുന്നു. ഇതിനെ പിന്നാലെ നടത്തിയ പുതിയ വിവാദ പരാമര്‍ശം രൂക്ഷ വിമര്‍ശനം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. എന്നാല്‍ ട്രംപ് ഇതിന് മറുപടി പറഞ്ഞിട്ടില്ല. 

ആണവ നയത്തിന്‍റെ പേരില്‍ ഇറാനെതിരായ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ അമേരിക്കയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കും. ഒബായുടെ കാലത്തുണ്ടാക്കിയ ഉടമ്പടിയെ തള്ളിപ്പറഞ്ഞിരുന്ന ട്രംപ്, ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു. ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് ന്യൂച്ചിനും വ്യക്തമാക്കി.