ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയുടെ നിഴലില്‍ അമേരിക്കയില്‍ ഇന്ന് സ്വാതന്ത്ര്യദിനാഘോഷം. ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളം, ജോണ്‍.എഫ്.കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, ഹീത്രൂ വിമാനത്താവളം എന്നിവിടങ്ങളില്‍ ഇന്ന് ഭീകരാക്രമണം നടത്തുമെന്നാണ് ഐ എസ് ഭീഷണി. ഇതിനിടെ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലുണ്ടായ പോട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

1776 ജൂലൈ നാലിലെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇത്രയും ഭീതയോടെ അമേരിക്ക ഒരു സ്വാതന്ത്യദിനം ആഘോഷിച്ചിട്ടില്ല. വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭീഷണി പുറത്തുവന്നത്.
ഇന്റലിജന്‍സ് വിഭാഗത്തില്‍ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയാണ് ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിനെക്കുറിച്ച് വിവരം നല്‍കിയത്. ധാക്കയിലെ ആക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം അമേരിക്കയാണെന്ന് ഐഎസ് ഭീഷണി മുഴക്കിയത്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേയാണ് ന്യൂയോര്‍ക്കില്‍ സ്‌ഫോടനം നടന്നത്. സെന്‍ട്രല്‍ പാര്‍ക്കിലുണ്ടായ സ്‌ഫോടനത്തില്‍ 19 വയസ്സുള്ള വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ ഇടതു കാല്‍ അറ്റുപോയി. മൈന്‍ പോലെയുള്ള എന്തോ വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സെന്‍ട്രല്‍ പാര്‍ക്കിലെ സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എന്തായാലും കനത്ത സുരക്ഷയിലാണ് അമേരിക്ക ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കരിമരുന്ന് ഉപയോഗിത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.