Asianet News MalayalamAsianet News Malayalam

ഇന്ത്യ പ്രമുഖ സൈനിക പങ്കാളി: സെനറ്റും കോൺഗ്രസും ബില്ല് അംഗീകരിച്ചു

US vows to expand ties with major defence partner India as Ashton Carter meets Manohar Parrikar
Author
First Published Dec 10, 2016, 12:02 PM IST

ന്യൂയോര്‍ക്ക്: ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി പ്രഖ്യാപിക്കാനുള്ള ബില്ലിന് അമേരിക്കൻ സെനറ്റും അംഗീകാരം നല്കി. ഇന്ത്യ- അമേരിക്ക സൈനിക സഹകരണം ശക്തമാക്കാനുള്ള വ്യവസ്ഥകളുള്ള ബില്ല്, പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ അംഗീകാരത്തിനായി അയച്ചു. ഇന്ത്യയെ അമേരിക്ക ജൂനിയർ സൈനിക പങ്കാളിയാക്കിയെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തി

അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാർട്ടർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവരെ കണ്ട ശേഷം ഇന്ത്യാ അമേരിക്ക സൈനിക പങ്കാളിത്തം കൂട്ടാൻ തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യയെ പ്രമുഖ പ്രതിരോധ പങ്കാളിയായി അംഗീകരിച്ചു കൊണ്ടുള്ള ബില്ലിന് അമേരിക്കൻ കോൺഗ്രസും സെനറ്റും അംഗീകാരം നല്കിയിരിക്കുന്നത്. 

കഴിഞ്ഞ ജൂണിലും ഈ ബില്ല് അമേരിക്കൻ കോൺഗ്രസിൽ വന്നെങ്കിലും അംഗീകാരം കിട്ടിയിരുന്നില്ല. അമേരിക്കൻ കോൺഗ്രസ് 34നെതിരെ 375 വോട്ടുകൾക്കും അമേരിക്കൻ സെനറ്റ് 7 വോട്ടുകൾക്കെതിരെ 92 വോട്ടുകൾക്കുമാണ് ഈ ബില്ല് പാസ്സാക്കിയത്. ബില്ലിൽ പ്രസിഡന്റ് ബരാക്ക് ഒബാമ ഇനി ഒപ്പു വയ്ക്കണം. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇന്ത്യയെ പ്രമുഖ പങ്കാളിയായി അമേരിക്ക അംഗീകരിക്കാനുള്ള നീക്കം ശക്തമാക്കിയിരുന്നു. 

അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യയിൽ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണം അവശ്യം സമയങ്ങളിൽ നടത്താനുമുള്ള കരാർ നേരത്തെ ഇരു രാജ്യങ്ങളും ഒപ്പു വച്ചിരുന്നു. പ്രതിരോധ രംഗത്തെ ആധുനിക സാങ്കേതിക വിദ്യയും മറ്റും ഇന്ത്യയ്ക്ക് കൈമാറാൻ പുതിയ തീരുമാനത്തിലൂടെ അമേരിക്കയ്ക്ക് കഴിയും. 

ഒപ്പം കടൽക്കൊള്ള തടയൽ, ദുരന്ത നിവാരണം തുടങ്ങി ചില മേഖലകളിൽ സംയുക്ത സൈനിക ആസൂത്രണത്തിനും വ്യവസ്ഥയുണ്ട്. ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുമ്പോഴാണ് അമേരിക്ക ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അമേരിക്കയുടെ ജൂനിയർ സൈനിക പങ്കാളിയാക്കിയെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തി. ഇന്ത്യ അമേരിക്കയോട് അടുക്കുന്നതിൽ ഏറെ അതൃപ്തിയുള്ള ചൈനയെ അമേരിക്കൻ കോൺഗ്രസും സെനറ്റും കൈക്കൊണ്ട ഈ തീരുമാനം പ്രകോപിതരാക്കും എന്നുറപ്പാണ്. 

Follow Us:
Download App:
  • android
  • ios