വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഹാഫിസിനെതിരായ കുറ്റം നിലനിർത്തി നടപടി തുടർന്നില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി.
ഹാഫിസിനെ നിയമനടപടിക്ക് വിധേയമാക്കിയില്ലെങ്കിൽ അന്താരാഷ്ട്ര ഭീകരവാദത്തെ ചെറുക്കുന്നതിൽ പാക്കിസ്ഥാന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നതായിരിക്കും. നടപടി ഭീകരവാദികൾക്ക് പാകിസ്ഥാൻ സങ്കേതം ഒരുക്കുന്നില്ലെന്ന നിലപാടി വിരുദ്ധവുമാകുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി. നിയമപ്രകാരം ഹാഫിസിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഉഭയകക്ഷി ബന്ധത്തിലും പാകിസ്ഥാന്റെ ആഗോള യശസിലും പ്രത്യാഘാതമുണ്ടാക്കും.
മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധി കേന്ദ്രമായ ഹാഫിസിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കിൽ ആക്കിയത് കഴിഞ്ഞ ജനുവവരിയിലാണ്. കഴിഞ്ഞ ദിവസമാണ് പാക് കോടതി ഇയാളെ മോചിപ്പിച്ചത്. മോചനത്തിന് ശേഷം ഇന്ത്യക്കെതിരെ ഹാഫിസ് വിദ്വേഷ പ്രസംഗം നടത്തുകയുണ്ടായി. ഹാഫിസിന്റെ മോചനത്തിലൂടെ ഭീകരവാദികളെ കൈകാര്യം ചെയ്യുന്നത് ഗൗരവത്തോടെയല്ലെന്ന് പാകിസ്ഥാൻ തെളിയിച്ചെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
