ഡിസംബര്‍ ഒന്നിന് ശേഷമുള്ള യാത്രകള്‍ക്ക് ഇന്ന് മുതല്‍ നല്‍കുന്ന ടിക്കറ്റുകള്‍ക്ക് 35 റിയാല്‍ വീതം അധിക നിരക്ക് ഈടാക്കാനാണ് തീരുമാനം. വിമാന ടിക്കറ്റ് നിരക്കിനോടോപ്പമാണ് ഈ അധിക തുക നല്‍കേണ്ടത്. എന്നാല്‍ ഇതു സംബന്ധിച്ച് വിമാനത്താവളം അധികൃതര്‍ ഇതുവരെ പൊതു അറിയിപ്പൊന്നും നല്‍കിയിട്ടില്ല. ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുറമെ ദോഹയിലെത്തി 24 മണിക്കൂറിനകം യാത്ര തുടരുന്ന മറ്റ് യാത്രക്കാര്‍ക്കും ഈ അധിക തുക ബാധകമായിരിക്കും. ഗള്‍ഫില്‍ നിന്നുള്ള വിമാന ടിക്കറ്റ് അധികമാണെന്ന് പരാതിപ്പെടുന്ന മലയാളികള്‍ക്ക് ഈ നിരക്ക് വര്‍ദ്ധന ഇരട്ട പ്രഹരമാവും. ജൂലായ് ഒന്ന് മുതല്‍ ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 35 ദിര്‍ഹം വീതം ഈടാക്കി വരുന്നുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് ഖത്തറിലും പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരില്‍ യാത്രക്കാരില്‍ നിന്ന് 35 റിയാല്‍ വീതം അധിക തുക ഈടാക്കുന്നത്.

ശരാശരി 28 ലക്ഷം യാത്രക്കാരാണ് ഹമദ് രാജ്യാന്തര വിമാനത്താവളം വഴി ഒരു മാസം യാത്ര ചെയ്യുന്നത്. 2015ല്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെ 3.08 കോടി യാത്രക്കാര്‍ യാത്ര ചെയ്തതായാണ് കണക്ക്. പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് ഈടാക്കി തുടങ്ങുന്നതോടെ ഈ ഇനത്തില്‍ മാത്രം കോടികളുടെ വരുമാനമുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ കമ്മി ബജറ്റ് നേരിടാന്‍ അധിക വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ധന സബ്‌സിഡി ഒഴിവാക്കി വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് മറ്റ് മേഖലകളിലേക്ക് കൂടി അധിക ഫീസ് ഏര്‍പ്പെടുത്തുന്നത്.