റിയാദ്: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, ടെക്സ്റ്റ് മെസ്സേജ് ചെയ്യുക എന്നീ കാരണങ്ങളാല്‍ സൗദിയില്‍ വാഹനാപകടങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ ഈ വര്‍ഷം ഇതുവരെ 7,489 പേര്‍ മരണപ്പെട്ടതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

2017 ല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 4,60,488 വാഹനാപകടങ്ങളില്‍ 33,199 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ മിനുട്ടിലും ഒരു അപകടം, ഓരോ മണിക്കൂറിലും നാല് പേര്‍ക്ക് പരിക്ക്, ഓരോ ദിവസവും വാഹനാപകടം മൂലം ഇരുപത് മരണം. ഇതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മരണപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്. എഴുപത്തിമൂന്ന് ശതമാനം അപകടങ്ങളും നടക്കുന്നത് പ്രധാന നഗരങ്ങളിലാണ്. 

2100 കോടി റിയാലിന്റെ നാശനഷ്ടങ്ങളാണ് വാഹനാപകടങ്ങള്‍ മൂലം ഓരോ വര്‍ഷവും സൗദിയില്‍ ഉണ്ടാകുന്നത്. െ്രെഡവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തുന്ന സാഹിര്‍ ക്യാമറകള്‍ റോഡുകളില്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ കാരണം വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മക്ക പ്രവിശ്യയില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു. മക്ക ഗവര്‍ണരേറ്റ്, വിദ്യാഭ്യാസ വകുപ്പ്, ട്രാഫിക് വിഭാഗം, പോലീസ്, കായിക വിഭാഗം തുടങ്ങിയവ സംയുക്തമായി നടത്തുന്ന കാമ്പയിന്റെ പ്രമേയം 'മെസ്സേജുകളെക്കാള്‍ വിലപ്പെട്ടതാണ് നിങ്ങളുടെ ജീവന്‍' എന്നാണ്.