17,000 രൂപയ്ക്കാണ് പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത മൂന്ന് ഷെഹ്നായികളും തടിയിലും വെള്ളിയിലും തീര്‍ത്ത മറ്റൊരു ഷെഹ്നായിയും ജ്വല്ലറിക്കാരായ ശങ്കര്‍ ലാല്‍ സേത്തിനും മകന്‍ സുജിത് സേത്തിനും നാസ്രെ വിറ്റത്. ഉരുക്കിയ വെള്ളി ഒരു കിലോയോളം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ ഉസ്താദ് ബിസ്മില്ലാ ഖാന് സമ്മാനിച്ച ഷെഹ്നായികളാണ് ഇവ. പ്രത്യേക അവസരങ്ങളില്‍ തടിയും വെള്ളിയും കൊണ്ടു നിര്‍മിച്ച ഷെഹ്നായി അദ്ദേഹം വായനയ്ക്കായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ച് ഷെഹ്നായികളും ചില അമൂല്യ വസ്തുക്കളും കാണാതായതെന്ന് ചൂണ്ടിക്കാട്ടി ഡിസംബര്‍ അഞ്ചിനാണ് കാസിം ഹുസൈന്‍ പരാതി നല്‍കിയത്. വാരാണസിയിലെ വീട്ടില്‍നിന്ന് കാസിമും കുടുംബവും സ്ഥലത്തില്ലാതിരുന്ന നവംബര്‍ 29നും ഡിസംബര്‍ നാലിനും ഇടയില്‍ ഈ വസ്തുക്കള്‍ മോഷണം പോയെന്നായിരുന്നു പരാതി.

2006ലാണ് ബിസ്മില്ലാ ഖാന്‍ അന്തരിച്ചത്. അദ്ദേഹത്തിനായി ഉചിതമായ സ്മാരകം പണിയണമെന്നും ഷെഹ്നായികള്‍ ഉള്‍പ്പെടെ അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ മ്യൂസിയത്തിലേക്കു മാറ്റണമെന്നും കുടുംബത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യങ്ങളാണ്.