ദില്ലി: ഉത്തര്‍പ്രദേശില്‍ വെള്ളം മോഷ്ടിച്ചതിന് കര്‍ഷകന്‍ അറസ്റ്റില്‍. വരള്‍ച്ച രൂക്ഷമായ ബുന്ദേല്‍ഖണ്ഡലെ മഹോബയിലുള്ള ഊര്‍മിള്‍ ഡാമില്‍നിന്നു വെള്ളമെടുത്തതിനാണ് ഹീരലാല്‍ യാദവ് എന്ന 55കാരന്‍ അറസ്റ്റിലായത്. 

ഇദ്ദേഹം ഡാമിന്റെ വാല്‍വ് നശിപ്പിച്ചെന്നും കനാല്‍ നിര്‍മിച്ച് വെള്ളം കൃഷിയിടത്തിലേക്കു കടത്തിയെന്നും മഹോബ പോലീസ് സൂപ്രണ്്ടന്റ് ഗൗരവ് സിംഗ് പറഞ്ഞു. എന്നാല്‍ ഡാമിന്റെ വാല്‍വ് നേരത്തെ തകര്‍ന്നിരുന്നതാണെന്നും ഇതിലൂടെ പുറത്തേക്ക് ഒഴുകിയ വെള്ളം കൃഷിയിടത്തിലേക്കു തിരിച്ചുവിടുക മാത്രമാണ് ഹീരലാല്‍ ചെയ്തതെന്നും കുടുംബം വാദിക്കുന്നു. ജലവകുപ്പ് തങ്ങളുടെ കുറവുകള്‍ മറയ്ക്കാന്‍ കുറ്റം പാവങ്ങളുടെമേല്‍ കെട്ടിവയ്ക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. 

സെക്ഷന്‍ 430, 353, സര്‍ക്കാര്‍ വസ്തുക്കള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഹീര ലാലിനെതിരേ ചുമത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബുന്ദേല്‍ഖണ്ഡില്‍ കൊടുംവരള്‍ച്ച അനുഭവപ്പെടുന്നത്.