Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ ബസ് മുതല്‍ സ്‌കൂള്‍ ബാഗ് വരെ കാവിയില്‍ മുക്കി യോഗി സര്‍ക്കാര്‍

Uttar Pradesh govt paints the town saffron Buses to school bags
Author
First Published Oct 12, 2017, 9:46 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് മുതല്‍ സ്‌കൂള്‍ ബാഗ് വരെയുള്ള കാവി പെയ്ന്റില്‍ മുക്കി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍.  ഗ്രാമീണ മേഖലയില്‍ സര്‍വീസ് നടത്തുന്നതിനായി, സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ 50 കാവി ബസുകളാണ് യോഗി കഴിഞ്ഞ ദിവസം ഫ്ളാഗ് ഓഫ് ചെയ്തത്. ഉദ്ഘാടന പരിപാടിയുടെ സ്റ്റേജില്‍ മൊത്തം കാവി കര്‍ട്ടന്‍, കാവി ബലൂണുകള്‍.

കാണ്‍പൂരിലെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ബസുകള്‍ക്ക് കാവി പെയിന്റടിച്ചത്. ഇത്തരത്തില്‍ കൂടുതല്‍ ബസുകള്‍ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ ബുക്ക്ലെറ്റുകളും കാവി നിറത്തിലാണ് പുറത്തിറക്കുന്നത്. നേരത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ സമാജ് വാദി സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നത്, മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന്റെ ഫോട്ടോ പതിച്ച സ്‌കൂള്‍ ബാഗുകളായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലെ കസേരയിലും കാര്‍ സീറ്റിലും കാവി ടവലിട്ട് തുടങ്ങിയ പരിഷ്‌കാരങ്ങളാണ് സംസ്ഥാനത്തെ നഗരങ്ങളെ കാവിയില്‍ മുക്കുന്ന തരത്തിലേയ്ക്ക് വികസിച്ചിരിക്കുന്നത്.

ജൂണില്‍ സര്‍ക്കാരിന്റെ 100 ദിവസത്തോടനുബന്ധിച്ച് യോഗി പുറത്തിറക്കിയ ബുക്ക്ലെറ്റും കാവി തന്നെ. സര്‍ക്കാരിന്റെ ആറ് മാസത്തോടനുബന്ധിച്ച് ഇറക്കിയ ബുക്ക്ലെറ്റും കാവിയാണ്. മന്ത്രിമാരുടേയും സര്‍ക്കാര്‍ ഓഫീസുകളുടേയും നമ്പറുകള്‍ അടങ്ങുന്ന, ഇന്‍ഫര്‍മേഷന്‍ വകുപ്പ് പുറത്തിറക്കിയ ഡയറിക്ക് കാവി നിറം. ജനസംഘം നേതാവായിരുന്ന ദീന്‍ദയാന്‍ ഉപാദ്ധ്യായ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങളാണ് ഡയറിയിലുള്ളത്. നീല സ്ട്രാപ്പുകളുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാവിയാക്കി സെക്രട്ടറിയേറ്റ് അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മാറ്റിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios