പ്രതിഷേധവുമായി അധ്യാപിക ഉത്തര ബഹുഗുണ വിദ്യാഭ്യാസ മന്ത്രി മാപ്പ് പറഞ്ഞെന്നും ഉത്തര

ഡെറാഡൂണ്‍: പൊതുവേദിയില്‍ വച്ച് അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തന്നോട് മാപ്പ് പറയണമെന്ന് 57കാരിയായ അധ്യാപിക. വിദ്യാഭ്യാസ മന്ത്രി തന്നെ വിളിച്ചിരുന്നുവെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ഉത്തര ബഹുഗുണ പറഞ്ഞു. 

''വിദ്യാഭ്യാസ മന്ത്രി എന്തിനാണ് മാപ്പ് പറയുന്നത്, അദ്ദേഹം ഒന്നും ചെയ്തില്ലല്ലോ, അപമാനിച്ചത് മുഖ്യമന്ത്രിയാണ് അദ്ദേഹം തന്നെ മാപ്പ് പറയണം'' - ഉത്തര ബഹുഗുണ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്ന് കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഉത്തര കൂട്ടിച്ചേര്‍ത്തു. 

പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്ന പരിപാടിയില്‍ വെച്ചായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മുതിര്‍ന്ന അധ്യാപികയോട് കയര്‍ത്തത്. ഉത്തരകാശി ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ഉത്തര തന്‍റെ സ്ഥലം മാറ്റത്തെക്കുറിച്ചുള്ള ആവശ്യമറിയിക്കാനായിരുന്നു പോയത്. എന്നാല്‍ സ്ഥലം മാറ്റം നടക്കില്ലെന്നുറപ്പായതോടെ ഉത്തര മുഖ്യമന്ത്രിയെ നോക്കി ഉച്ചത്തില്‍ സംസാരിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

ഇതെ തുടര്‍ന്നാണ് അധ്യാപികയെ സസ്‌പെന്‍റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടത്. പൊലീസ് കസ്റ്റഡിയിലായ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.