ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പടര്‍ന്ന കാട്ടുതീ ഇനിയും നിയന്ത്രണവിധേയമായില്ല. തീ നിയന്ത്രിയ്‌ക്കാനും പ്രദേശവാസികളുടെ സംരക്ഷണം ഉറപ്പാക്കാനുമായി ദേശീയ ദുരന്ത നിവാരണസേനയേയും വ്യോമസേനയെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കാട്ടു തീ അണയ്ക്കാനുള്ള നടപടികളുടെ ഭാഗമായി രണ്ട് മിഗ് 17 ഹെലികോപ്റ്ററുകളും കേന്ദ്രം വിന്യസിച്ചിട്ടുണ്ട്.

5000 ലിറ്റര്‍ വെള്ളം വഹിച്ച് പറക്കാന്‍ ഇവയ്കകാവും. വ്യോമസേനയുടെ പ്രത്യേക വിമാനങ്ങള്‍ നൈനിറ്റാളിലെ ഭീംതാള്‍ തടാകത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് കാട്ടുതീ പടര്‍ന്ന പ്രദേശങ്ങളില്‍ തളിയ്‌ക്കുകയാണ്. കാട്ടുതീയില്‍ ഇതുവരെ ഒരു കുട്ടിയും മൂന്ന് സ്‌ത്രീകളുമുള്‍പ്പടെ ആറ് പേരാണ് മരിച്ചത്.

കുമയൂണ്‍, പൗരി, ഗര്‍വാള്‍ മേഖലകളിലായി മൂവായിരത്തിലധികം ഏക്കറോളം വനമാണ് കത്തി നശിച്ചത്. അഞ്ച് ജില്ലകളെ കാട്ടു തീ ബാധിച്ചു. ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിലേയ്‌ക്കും രാജാജി കടുവാസങ്കേതത്തിലേയ്‌ക്കും പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ ശ്രമിച്ചുവരികയാണ്.