തിരുവനന്തപുരം: സ്വതേ ചിരികുറവായ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഉഴവൂര്‍ വിജയന്‍ സ്റ്റേജിലെത്തിയാല്‍ ഒന്ന് കാതുകൂര്‍പ്പിച്ചിരിക്കും. ചിലപ്പൊള്‍ അപ്രതീക്ഷിതമായി പൊട്ടിച്ചിരിച്ചെന്നിരിക്കും. പ്രസംഗിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഓരോ വാക്കിലും ചിരിയുടെ വെടിമരുന്ന് നിറയ്ക്കാനും അത് കുറിക്കുകൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കാനും ഉഴവൂരിനുള്ള മിടുക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും തലകുലുക്കി സമ്മതിക്കും.

ഇ.കെ.നായനാര്‍ക്കും, ലോനപ്പന്‍ നമ്പാടനും ടി.കെ.ഹംസയ്ക്കും ശേഷം നാടന്‍ വാക്കുകളും നാട്യങ്ങളുമില്ലാത്ത പ്രസംഗവുമായി മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകുമോ എന്ന് സംശയം. അലക്കിത്തേച്ച ഖദറിട്ട് അതിനേക്കാള്‍ അലക്കിതേച്ച വാക്കുകള്‍ മാത്രം ഉപയോഗിച്ച് സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കാലത്താണ് ഉഴവൂര്‍ നര്‍മവും ചിന്തയും സമാസമം കലര്‍ത്തി രാഷ്ട്രീയ എതിരാളികളുടെ മര്‍മത്തടിച്ചിരുന്നത്.അതുകൊണ്ടുതന്നെ ഏത് വേദിലിയായാലും ഉഴവൂരിനായി ഒരു കസേര എപ്പോഴും മുന്‍നിരയില്‍ റെഡിയായിരുന്നു.

വാര്‍ത്താചാനലുകളുടെ ആക്ഷേപ ഹാസ്യപരിപാടികളുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി ഉഴവൂര്‍ മാറിയതും വെറുതെയായിരുന്നില്ല. പ്രത്യേക സംഭവങ്ങളൊന്നുമുണ്ടാകാത്ത ദിവസങ്ങളില്‍ ഉഴവൂരിനെക്കൊണ്ട് എന്തെങ്കിലും സംസാരിപ്പിച്ചാല്‍പ്പോലും അത് ഒരു എപ്പിസോഡ് ചിരിക്കുള്ള മരുന്നാകുമായിരുന്നു. ഇത്തരം തമാശകള്‍ പറഞ്ഞാല്‍ ജനങ്ങള്‍ താങ്കളെ വിലവെയ്ക്കുമോ എന്ന് ചോദിച്ചവരോട് തനിക്ക് രാഷ്ട്രപതിയാവേണ്ടെന്നായിരുന്നു രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ നാട്ടുകാരനായ ഉഴവൂര്‍ വിജയന്റെ മറുപടി.

കഴിഞ്ഞ വര്‍ഷം ഇടതുപക്ഷ മന്ത്രിസഭ അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍ ആരാകും മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. എവിടെത്തിരിഞ്ഞാലു പിണറായിയോ വിഎസോ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം മാത്രം. അതിന് ഉഴവൂര്‍ ഒരിക്കല്‍ നല്‍കിയ മറുപടി ഇതായിരുന്നു. മലപ്പുറത്ത് പോയപ്പോള്‍ എല്ലാ പത്രക്കാരും എന്നോട് ചോദിച്ചു, ആരാകും മുഖ്യമന്ത്രിയെന്ന്, ഞാനപ്പോഴെ പറഞ്ഞു, ഞാനാകുന്നില്ല, നിങ്ങള്‍ എഴുതിക്കോ എന്ന്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ പോലും ചിരിച്ചു മറിഞ്ഞ നിമിഷം. അതായിരുന്നു ഉഴവൂര്‍, ഏത് സംഘര്‍ഷസാഹചര്യത്തെയും തന്റെ സ്വതസിദ്ധമായ നര്‍മം കൊണ്ടും ലളിതസുന്ദരമായ പെരുമാറ്റംകൊണ്ടും ലഘൂകരിക്കാനുള്ള ഉഴവൂരിന്റെ മിടുക്കിന് ഉദാഹരണങ്ങള്‍ ഇനിയും ഒട്ടേറെയുണ്ട്.

സാധാരണക്കാരന്റെ ഭാഷയില്‍ സംസാരിക്കുന്നത് തരംതാണ പണിയെന്ന് കരുതിയവര്‍ക്കേറ്റ ആഘാതം കൂടിയായിരുന്നു ഉഴവൂരിന്റെ ഓരോ പ്രസംഗങ്ങളും. ചിരിപ്പൂരത്തിന് അപ്രതീക്ഷിത അവധി നല്‍കി ഉഴവൂര്‍ യാത്രയാകുമ്പോഴും സാധരണക്കാരുടെ ശബ്ദമായി ഉഴവൂര്‍ എന്നും ഓര്‍മിക്കപ്പെടും.