Asianet News MalayalamAsianet News Malayalam

അവരുടെ ലക്ഷ്യം കലാപം; വ്യാജ ഹര്‍ത്താലിനെതിരെ വി.ഡി സതീശൻ

  • സമൂഹ്യഘടന തന്നെ തകർക്കാൻ ലക്ഷ്യം
  • അജണ്ട പൊതുജനങ്ങൾ തിരിച്ചറിയണം
V D Satheesan Facebook post against fake harthal

കൊച്ചി: വ്യാജഹർത്താലിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങൾ വഴി ഹർത്താൽ പ്രഖ്യാപിച്ചതിന്‍റെ മറവിൽ ആസൂത്രണത്തോടെയുള്ള കലാപമായിരുന്നു ലക്ഷ്യമെന്ന് വിഡി സതീശൻ എംഎൽഎ ആരോപിച്ചു.

സമൂഹ്യഘടന തന്നെ തകർക്കാൻ ലക്ഷ്യം വെച്ചുള്ള കൃത്യമായ അജണ്ട പൊതുജനങ്ങൾ തിരിച്ചറിയണം. ആയുധങ്ങൾ ഉൾപ്പടെ ശേഖരിച്ചു  നൂറു കണക്കിന് പേർ സംഘടിച്ചിട്ടും ഇതറിയാതെ പോയ ഇന്‍റലിജൻസ് സംവിധാനം വിരൽചൂണ്ടുന്നത് സർക്കാർ സംവിധാനത്തിന്‍റെ പൂർണ്ണ പരാജയമാണെന്നും വി ഡി സതീശൻ ഫേസ്ബുക്കിലൂടെ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കാശ്മീരിൽ എട്ടു വയസ്സുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവം മനസ്സാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ചതാണ്. ഒരു മതത്തിന്റെയും ജാതിയുടെയും പേരിലല്ലാതെ മാനവികതയുടെ പേരിൽ ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമാധാനപരമായ പ്രക്ഷോഭങ്ങളിലാണ്. എന്നാൽ വർഗ്ഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും, അപഹസിച്ചുമെല്ലാം വലിയ പ്രകോപനം ആർ.എസ്.എസിന്റെ പ്രവർത്തകരിൽ നിന്നുണ്ടായത് നാം കണ്ടതാണ്.

ആർ.എസ്.എസിന്റെ സംസ്ഥാന നേതാക്കന്മാരിൽ ഒരാളുടെ മകന്റെ പോലും പ്രസ്താവന മറു വിഭാഗത്തെ പ്രകോപിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. സമാധാനം കാംക്ഷിക്കുന്ന കേരളത്തിലെ എല്ലാ മതത്തിലും പെട്ട പ്രബുദ്ധരായ ജനങ്ങൾ ആ പ്രകോപനം തള്ളിക്കളഞ്ഞു കൊണ്ട് സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴാണ് എതിർ ചേരിയിൽ പെട്ട ചില സംഘടനകളുടെ പ്രവർത്തകർ ഇന്ന് ആസൂത്രിതമായ കലാപം വടക്കൻ കേരളത്തിലെ പല ജില്ലകളിലും സൃഷ്ടിച്ചത്.

സോഷ്യൽ മീഡിയയിലൂടെ ഒരു ഹർത്താൽ പ്രഖ്യാപനം നടത്തി, അതിന്റെ മറവിൽ വലിയ ആസൂത്രണത്തോടെ ഉള്ള കലാപം തന്നെയായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇതിന്റെ പിന്നിൽ കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്‌ഷ്യം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു പിന്നിലുള്ള കൃത്യമായ അജണ്ട പൊതുജനങ്ങൾ തിരിച്ചറിയണം. സർക്കാർ സംവിധാനത്തിന്റെ പൂർണ്ണമായ പരാജയം ആണ് ഇന്ന് നമ്മൾ കണ്ടത്. ഇത്ര വലിയ കലാപത്തിനുള്ള കോപ്പു കൂട്ടുമ്പോഴും നമ്മുടെ ഇന്റലിജൻസ് സംവിധാനം ഉറങ്ങുകയായിരുന്നു.

ആയുധങ്ങൾ ഉൾപ്പടെ ശേഖരിച്ചു കൊണ്ട് നൂറു കണക്കിന് ആൾക്കാർ സംഘടിക്കുന്നത് കാണാൻ കഴിയാത്ത വിധം നിഷ്ക്രിയമായ ഒരു സംവിധാനം വലിയ വീഴ്ചയാണ് വരുത്തിയത്. സർക്കാർ ഈ സംഭവത്തെ ലഘൂകരിച്ചു കാണരുത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെ കണ്ടെത്തണം. രാജ്യത്തിന്റെ കെട്ടുറപ്പിനെ ഭയക്കുന്ന ഇരു വിഭാഗത്തുമുള്ള ഗൂഢശക്തികൾ നടത്തുന്ന ഈ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെയും പൊതുജനം തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. ഏറ്റവും നിർണ്ണായകമായ ഈ സമയത്തു രാജ്യത്തിന്റെ സോഷ്യൽ ഫേബ്രിക് വലിച്ചു കീറാൻ ഈ കഴുകന്മാരെ അനുവദിക്കരുത്. അത് ആ കുഞ്ഞിന് നീതി ലഭിക്കാൻ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ തന്നെ ഇല്ലാതാക്കും.​

Follow Us:
Download App:
  • android
  • ios