ചെന്നൈ: അഞ്ച് ദിവസത്തെ പരോൾ അനുവദിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികല ചെന്നൈയിൽ തിരിച്ചെത്തി. ബംഗലുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് റോഡ് മാർഗം ചെന്നൈയ്ക്ക് തിരിച്ച ശശികലയെ കാണാൻ ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഭർത്താവ് നടരാജനെ കാണാൻ ശശികല പെരുമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തും.
ശശികലയ്ക്ക് പരോൾ കിട്ടിയതറിഞ്ഞ് ചെന്നൈയിലെമ്പാടും ഉയർന്ന ഫ്ലക്സുകളിൽ ത്യാഗത്തലൈവി ചിന്നമ്മയെന്നാണ് എഴുതിയിരിയ്ക്കുന്നത്. ജയലളിതയ്ക്ക് വേണ്ടി ജയിൽവാസമനുഭവിയ്ക്കുന്ന ശശികലയെ എടപ്പാടിയും ഒപിഎസ്സും ചേർന്ന് ചതിച്ചെന്ന പ്രചാരണം ശക്തമാക്കാൻ തന്നെയാണ് ദിനകരൻ പക്ഷത്തിന്‍റെ തീരുമാനം. രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കിടയിൽ പാർട്ടിയുടെ അധികാരം കൈപ്പിടിയിലൊതുക്കാൻ ശ്രമിയ്ക്കുന്ന ദിനകരൻ പക്ഷത്തിന് ശശികലയുടെ വരവ് തന്നെ ആത്മവിശ്വാസം നൽകുന്നതാണ്. രോഗശയ്യയിലായ ഭർത്താവിനെ കാണാനനുവദിയ്ക്കാതെ ശശികലയുടെ പരോൾ വൈകിയ്ക്കാനാണ് എടപ്പാടി ശ്രമിച്ചതെന്ന് ദിനകരൻ ആരോപിയ്ക്കുന്നു. എടപ്പാടി സർക്കാരിനെ താഴെ വീഴ്ത്താൻ തന്നെയാണ് ദിനകരൻ പക്ഷത്തിന്‍റെ തീരുമാനം.
തടവുശിക്ഷയുടെ മൂന്നിലൊന്ന് ഭാഗം അനുഭവിയ്ക്കാതെ സാധാരണ പരോൾ നൽകാറില്ലെന്നിരിയ്ക്കെ, നടരാജന്‍റെ രോഗാവസ്ഥ കണക്കിലെടുത്ത്, അടിയന്തര പരോളാണ് ശശികലയ്ക്ക് അനുവദിച്ചിരിയ്ക്കുന്നത്. ആയിരക്കണക്കിന് പ്രവർത്തകരാണ് ചെന്നൈ ടി നഗറിലുള്ള ഇളവരശിയുടെ മകളുടെ വീടിന് മുന്നിൽ ശശികലയെ വരവേൽക്കാൻ തടിച്ചുകൂടിയത്. 2011 ൽ പോയസ് ഗാർഡനിൽ നിന്ന് ജയലളിത പുറത്താക്കിയ മൂന്ന് മാസക്കാലം ശശികല കഴിഞ്ഞതും ഇതേ വീട്ടിലായിരുന്നു.
