കഴിഞ്ഞ അഞ്ചാം തിയ്യതി വി.കെ സിംഗ് സന്ദര്‍ശിച്ച സൗദി ഓജര്‍ കമ്പനിയുടെ ശുമൈസി ലേബര്‍ ക്യാമ്പില്‍ തന്നെയാണ് ഇത്തവണയും മന്ത്രി സന്ദര്‍ശനം നടത്തിയത്. എന്നാല്‍ മന്ത്രിക്ക് അന്ന് ലഭിച്ച ആവേശകരമായ സ്വീകരണം ഇത്തവണ ഉണ്ടായില്ല. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പരാതിപ്പെട്ട തൊഴിലാളികള്‍ ശമ്പള കുടിശിക ലഭിച്ചാല്‍ മാത്രമേ നാട്ടിലേക്ക് പോകൂ എന്നറിയിച്ചു. 

എന്നാല്‍ ശമ്പള കുടിശിക കഴിയുന്നതും വേഗം കിട്ടാന്‍ വേണ്ടത് ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയ മന്ത്രി അതിനുള്ള സമയപരിധി നല്‍കാന്‍ തയ്യാറായില്ല. തിരിച്ചു പോകുന്നവര്‍ക്ക് ദില്ലിയില്‍ നിന്നും നാട്ടിലെത്താനുള്ള ചെലവ് അതാത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തുമെന്ന് മന്ത്രി ആവര്‍ത്തിച്ചു.

എന്നാല്‍ ചര്‍ച്ചകള്‍ നടത്തുന്നതല്ലാതെ തങ്ങളുടെ പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ല എന്നാണു തൊഴിലാളികളുടെ പരാതി. തൊഴിലാളികളെ തിരിച്ചയക്കുന്നതിലും അവര്‍ക്ക് ഭക്ഷണവും ചികിത്സയും നല്‍കുന്നതിലും സൗദി ഗവണ്‍മെന്‍റ് ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നു മന്ത്രി പറഞ്ഞു.