കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരെ ഹൈക്കമാന്റിന് പരാതി. പരസ്യ വിമര്‍ശനം പാടില്ലെന്ന ഹൈക്കമാന്റ് നിര്‍ദേശം ലംഘിച്ചെന്നാണ് എ ഐ ഗ്രൂപ്പുകളുടെ പരാതി. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അറിവോടെയാണ് പരാതികള്‍ മുകുള്‍ വാസ്നിക്കിന് ഫാക്‌സ് ചെയ്തത്.

തെരഞ്ഞെടുപ്പിനുശേഷം തോല്‍വിയെക്കുറിച്ച് പരസ്യ പ്രസ്താവന തുടര്‍ന്ന നേതാക്കള്‍ക്ക് ഹൈക്കമാന്റ് നല്‍കിയ നിര്‍ദേശം പരസ്യമായ വിഴുപ്പലക്കല്‍ നിര്‍ത്തണമെന്നായിരുന്നു. ഇല്ലെങ്കില്‍ കടുത്ത നടപടിയെന്നും. ഇതിനെതിരാണ് സുധീരന്‍റെ നടപടിയെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്. ബിജു രമേശിന്‍റെ സ്വകാര്യ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തത് ഔചിത്യമില്ലായ്മയാണെന്ന് പറഞ്ഞ് സുധീരന്‍ നേതാക്കളെ പരസ്യമായി അപമാനിച്ചുവെന്നും നടപടി വ്ണമെന്നും ഗ്രൂപ്പുകളുടെ പരാതിയില്‍ പറയുന്നു. ഗ്രൂപ്പുകള്‍ പരാതി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് അയച്ചുകൊടുത്തു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിന് തെളിവായി സുധീരന്‍റെ വാര്‍ത്താ സമ്മേളനത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും കൈമാറുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മൗനാനുവാദത്തോടെയാണ് ഗ്രൂപ്പുകളുടെ നീക്കം. ഇരുവരും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് ആശയവിനിമയും നടത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനെതിരെയുള്ള ഗ്രൂപ്പുകളുടെ നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. അതേസമയം കേരളത്തിന്‍റെ രാഷ്‌ട്രീയ സാഹചര്യവും പാര്‍ട്ടിയുടെ അവസ്ഥയും വിലയിരുത്താന്‍ ഹൈക്കമാന്റ് നിശ്ചയിച്ചിട്ടുള്ള നേതാക്കളുടെ കൂടിക്കാഴ്ച അടുത്തമാസം ഏഴിന് ദില്ലിയില്‍ നടക്കും. എംഎല്‍എമാര്‍, പാര്‍ലമെന്‍റിലേക്ക് മല്‍സരിച്ചവര്‍, കെപിസിസി നേതൃ സ്ഥാനത്തുള്ളവര്‍, പോഷക സംഘടനാ നേതാക്കള്‍ അടക്കം 54 പേരുമായാണ് കൂടിക്കാഴ്ച.