കെപിസിസി പ്രസിഡന്റ് സ്ഥാനം വിഎം സുധീരന്‍ രാജിവച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജി പ്രഖ്യാപനം. അനാരോഗ്യമാണ് കാരണമെന്നും ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളല്ലെന്നും സുധീരന്‍ വിശദീകരിച്ചു. അപ്രതീക്ഷിത തീരുമാനമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോള്‍ എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
ഇന്ദിരാഭവനില്‍ 12 മണിക്ക് മാധ്യമങ്ങളെ കാണുന്നു. പതിവ് വാര്‍ത്താസമ്മേളനത്തിനപ്പുറത്ത് എന്തെങ്കിലുമുണ്ടെന്ന സൂചന കെപിസിസി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് പോലുമില്ല. സുധീരന്‍ തുടങ്ങിയത് തന്നെ എല്ലാവരെയും ഞെട്ടിച്ച നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിച്ച്.

2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ആന്റണിയെ ഓര്‍മ്മിപ്പിച്ചുള്ള നാടകീയ പ്രഖ്യാപനം. രാജിവാര്‍ത്തയുടെ ഞെട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഇന്ദിരാഭവനിലേക്കോടിയെത്തി. പിന്നാലെ അഭ്യന്തരപ്രശ്നമൊന്നുമല്ലെന്ന് വീണ്ടും സുധീരന്റെ വിശദീകരണം

വാര്‍ത്താ സമ്മേളനത്തിന് മിനുട്ടുകള്‍ മുമ്പ് മാത്രമാണ് തീരുമാനം എ കെ ആന്റണിയെയും ചെന്നിത്തലയെയും അറിയിച്ചത്.
-
അടുത്തിടെ കോഴിക്കോട് പാര്‍ട്ടി പരിപാടിക്കിടെ കേബിളില്‍ കുരുങ്ങി വീണ് പരുക്കേറ്റ സുധീരന്‍ കുറച്ചുദിവസമായി വിശ്രമത്തിലായിരുന്നു. മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. മറ്റാര്‍ക്കെങ്കിലും താല്‍ക്കാലിക ചുമതല നല്‍കി അവധിഎടുക്കാമെന്നാണ് കഴിഞ്ഞ ദിവസം രാത്രി വി എം സുധീരനെ കണ്ട് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചിരുന്നത്. അത്തരം നിര്‍ദ്ദേശങ്ങളെല്ലാം തള്ളിയാണ് എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചുള്ള സുധീരന്റെ പടിയിറക്കം.