പാർട്ടി അന്വേഷണം മാത്രം മതിയെങ്കിൽ ബിഷപ്പിനെതിരായ കേസ് സഭ  അന്വേഷിച്ചാൽ പോരെയെന്നും മുരളീധരൻ

തിരുവനന്തപുരം: പി.കെ., ശശി എംഎൽഎയ്ക്കെതിരെ കേസെടുക്കണമെന്ന് വി. മുരളീധരൻ എംപി. പെൺകുട്ടിയുടെ പരാതി കേന്ദ്ര നേതൃത്വം ഡിജിപിക്ക് കൈമാറമായിരുന്നു. പാർട്ടി അന്വേഷണം മാത്രം മതിയെങ്കിൽ ബിഷപ്പിനെതിരായ കേസ് സഭ അന്വേഷിച്ചാൽ പോരെയെന്നും മുരളീധരൻ ചോദിച്ചു.

പി.കെ. ശശിക്കെതിരെ ഡി വൈ എഫ് ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം അന്വേഷണത്തിന് സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നൽകിയത്. നടപടി വരാത്തതിനാൽ സീതാറായം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അവൈലിബിൽ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.

അതേസമയം പി.കെ.ശശിക്കെതിരെ പാര്‍ട്ടി ജില്ലാ ഘടകത്തിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. അത്തരം ആരോപണമൊന്നും ജില്ലാകമ്മിറ്റിയില്‍ വന്നിട്ടില്ല. അങ്ങനെയൊരു ആരോപണമുള്ളതായി ഇന്ന് പത്രത്തില്‍ കണ്ടു. ആരോപണം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് പരാതി കിട്ടാതെ ചര്‍ച്ച ചെയ്യാനാവുമോ എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. 

എന്നാല്‍ പാലക്കാട് സിപിഎമ്മില്‍ ഒരു മാസത്തിലേറെയായി ഈ വിഷയം പുകഞ്ഞു തുടങ്ങിയിരുന്നുവെന്നാണ് സൂചന. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ചര്‍ച്ചയാവും എന്നാണ് സൂചന. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആവര്‍ത്തിക്കുന്പോഴും വിഷയത്തില്‍ സിപിഎം ജില്ലാ ഘടകവും എംഎല്‍എയും ഒരേ പോലെ പ്രതിരോധത്തിലാണ്. വനിത അംഗം അടങ്ങിയ സമിതിയാണ് പരാതി അന്വേഷിക്കേണ്ടതെന്നാണ് അവൈലബിള്‍ പിബിയുടെ തീരുമാനം. സ്വാഭാവികമായും പി.കെ.ശ്രീമതി ഈ സമിതിയിലുണ്ടാവും എന്നാണ് കരുതുന്നത്.