Asianet News MalayalamAsianet News Malayalam

വിശ്വാസികൾ അല്ലാത്തവരെ ഭക്തരുടെ വേഷം കെട്ടിച്ച് ശബരിമലയില്‍ എത്തിക്കുന്നുവെന്ന് വി മുരളീധരന്‍ എംപി

സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. ഭക്തരെ സംരക്ഷിക്കുന്നു എന്ന് പറയുന്നതിന് ഒപ്പം തന്നെ വിശ്വാസികൾ അല്ലാത്ത യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

v muraleedharan press meet on sabarimala women entry
Author
Pathanamthitta, First Published Dec 24, 2018, 5:26 PM IST

പത്തനംതിട്ട: വിശ്വാസികൾ അല്ലാത്ത ആളുകളെ ഭക്തരുടെ വേഷം കെട്ടിച്ചു ശബരിമലയിൽ എത്തിക്കുന്നുവെന്ന് വി മുരളീധരന്‍ എം പി. ഇന്ന് മലകയറിയ യുവതികൾക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് നടക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 

സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. ഭക്തരെ സംരക്ഷിക്കുന്നു എന്ന് പറയുന്നതിന് ഒപ്പം തന്നെ വിശ്വാസികൾ അല്ലാത്ത യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു. സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുരളീധരന്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

യുവതികളെ ആൾക്കൂട്ടത്തിന്റെ ഭാഗമായി മലകയറ്റി വിടാനാണ് ശ്രമിച്ചത്. എല്ലാ നീക്കങ്ങളും മുഖ്യമന്ത്രി അറിഞ്ഞാണ്
 നടക്കുന്നത്. ശബരിമലയ്ക്ക് വേണ്ടി ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാരിന് പരിമിതി ഉണ്ടെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകും അതെന്നും മുരളീധരന്‍ വ്യക്തമാക്കി. 

സി പി എമ്മിന് എതിരെ ഒന്നും പറയാൻ പാടില്ല എന്ന നിലപാടിന്റെ ഭാഗമാണ് എൻ എസ് എസിന് എതിരെയുള്ള പ്രതികരണങ്ങൾ. ഒരു കാലത്ത് വെള്ളാപ്പള്ളിക്ക് എതിരെ ഇതേ രീതിയിൽ സി പി എം പെരുമാറിയിട്ടുണ്ട്. തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലും  മലകയറിയ യുവതികളുടെ വീടിന് മുന്നിലും ഉണ്ടായ പ്രതിഷേധം ബി ജെ പി യുമായി ബന്ധമില്ല. അവിടെ ഭക്തരാണ് പ്രതിഷേധിച്ചത്. ബി ജെ പി യുടെ സമരം സെക്രട്ടേറിയറ്റിന് മുന്നിൽ മാത്രമെന്നും മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട്ടുനിന്നും മലപ്പുറത്തുനിന്നുമുള്ള രണ്ട് യുവതികള്‍ ഇന്ന് ശബരിമല കയറാന്‍ എത്തിയിരുന്നു. പ്രതിഷേധകര്‍ സംഘടിച്ചതോടെ ഇവരെ സന്നിധാനത്തെത്തിക്കാതെ പൊലീസ് തിരിച്ചിറക്കുകയാണ് ഉണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം മല കയറാനെത്തിയ ചെന്നൈയില്‍നിന്നുള്ള മനിതി സംഘത്തിനും പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്ത് എത്താനായില്ല. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവും ആക്രമണവുമാണ് അഴിച്ചുവിട്ടത്. 

റെയില്‍വെ സ്റ്റേഷനില്‍ എത്തിയ മൂന്നംഗ സംഘത്തിനെതിരെ പ്രതിഷേധിച്ച ബി ജെ പി പ്രവര്‍ത്തകര്‍ ഇവര്‍ തിരിച്ച് പോകാന്‍ കയറിയ ട്രെയിന്‍ തടയാന്‍ ശ്രമിക്കുകയും ട്രെയിന് മുകളില്‍ തല്ലിയും മുമ്പില്‍ ചാടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ തിരുച്ചിറപ്പള്ളിയിലേക്കുള്ള ട്രെയിനില്‍ യാത്ര തിരിച്ച സംഘത്തിന് നേരെ ഓരോ സ്റ്റേഷനിലും ആക്രമണമുണ്ടായി. ഇവര്‍ക്ക് നേരെ കല്ലേറും ചീമുട്ടയേറുമുണ്ടായി. 

Follow Us:
Download App:
  • android
  • ios