ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാജ്യസഭയിലേക്ക് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കി

ദില്ലി: ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ രാജ്യസഭയിലേക്ക്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കി. മഹാരാഷ്ട്രയില്‍ നിന്നാണ് വി മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക. 18 രാജ്യസഭ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയത്.

അതേ സമയം ബിജെപി തീരുമാനം ബിഡിജെഎസിന് തിരിച്ചടിയാകുകയാണ്. നേരത്തെ ഉയര്‍ന്നുകേട്ട ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ബിജെപി രാജ്യസഭയിലേക്ക് പരിഗണിച്ചില്ല.

അതേ സമയം രാജ്യസഭയിലേക്ക് ബിജെപി മത്സരിപ്പിക്കുന്ന വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. കേരളത്തിന് കിട്ടിയ അംഗീകരമാണ് തനിക്ക് ലഭിച്ച സീറ്റെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യസഭ സീറ്റ് കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിയാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മുരളീധരന്‍, തനിക്ക് ലഭിച്ച സീറ്റ് കാരണം ബിജെപി ബിഡിജെഎസ് ബന്ധത്തിന് കോട്ടം തട്ടില്ലെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേ സമയം കര്‍ണ്ണാടകയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ എത്തും. ബിജെപി ടിക്കറ്റിലാണ് എന്‍ഡിഎ കേരള ഉപാദ്ധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ മൂന്നാം തവണ രാജ്യസഭയില്‍ എത്തുന്നത്.