തൃശ്ശൂര്‍: മെഡിക്കല്‍കോഴ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വി മുരളീധരന്‍. നിര്‍ണ്ണായക സംസ്ഥാന ഭാരവാഹിയോഗം നാളെ തൃശൂരില്‍ ചേരാനിരിക്കെയാണ് വി മുരളീധരന്‍ എതിര്‍പ്പ് പരസ്യമാക്കിയത്.വി വി രാജേഷിനെതിരായ അച്ചടക്കനടപടി മുരളീധരപക്ഷം നാളെ കുമ്മനത്തിനെതിരെ ആയുധമാക്കും.
മെഡിക്കല്‍ കോഴയില്‍ പാര്‍ട്ടി ആടിയുലയുമ്പോഴാണ് സംസ്ഥാന ഭാരവാഹിയോഗം നാളെ ചേരുന്നത്. ആദ്യം ജനറല്‍സെക്രട്ടറിമാരുടെ യോഗവും പിന്നീട് ഭാരവാഹിയോഗവും ചേരും. പാലക്കാടെത്തുന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ഭാഗവത് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.കോഴ വിവാദത്തെ തുടര്‍ന്ന് ഗ്രൂപ്പ് പോര് മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍ നേതൃത്വം ഏകപക്ഷീയമായി നടപടിയെടുത്തു എന്നതാണ് മുരളീധര പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
അന്വേഷണ കമ്മീഷന്‍റെ ഭാഗമല്ലാത്ത വിവി രാജേഷിന് റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ത്താനാവും, എന്തുകൊണ്ട് വിശദീകരണം ചോദിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് മുരളീധരപക്ഷം ചോദിക്കുന്നത്.അഴിമതി ചര്‍ച്ചചെയ്യാതെ പകരം വാര്‍ത്ത ചോര്‍ത്തലിന് പ്രാധാന്യം നല്‍കിയതാണ് മുരളീധരപക്ഷം ചോദ്യം ചെയ്യുന്നത്.യോഗത്തില്‍ കുമ്മനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയരാനിടയുണ്ട് ബൈറ്റ്. വി മുരളീധരന്‍.
എന്നാല്‍ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും വിവി രാജേഷിന്‍റെ ഇടപെടലിന് കൃത്യമായ തെളിവുണ്ടെന്നുമാണ് കുമ്മനത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം തന്നെ കുടുക്കാന്‍ ശ്രമം നടന്നുവെന്നും നടപടി വേണമെന്നുമാണ് എം ടി രമേശ് അടക്കമുള്ള കൃഷ്ണദാസ് പക്ഷത്തിന്‍റെ വിമര്‍ശനം. കൃഷ്ണദാസ് പക്ഷത്തിനൊപ്പം സംസ്ഥാന നേതൃത്വവും നിന്നെന്നാണ് മുരളീധരപക്ഷത്തിന്‍റെ പരാതി.
നിലവിലെ സാഹചര്യത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരെ കുമ്മനം നടത്താന്‍ നിശ്ചയിച്ചിരുന്ന പദയാത്രയും അനിശ്ചിതത്വത്തിലായി. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടത്താന്‍ നിശ്ചചയിച്ചിരിക്കുന്ന യാത്രക്ക് പാര്‍ട്ടിയിലെ ഭിന്നത തിരിച്ചടിയാകുമോയെന്നാണ് ആശങ്ക.
