വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശനവുമായി ഭരണ പരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പാറ്റൂര്‍, മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണം ഇഴയുന്നത് കേസ് അട്ടിമറിക്കുകയാണെന്ന സംശയം ബലപ്പെടുന്നുവെന്നാണ് വി എസ്സിന്റെ ആരോപണം.കോടികളുടെ അഴിമതികേസില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താത്ത വിജിലന്‍സിന്‍റെ നടപടി ദുരൂഹമാണെന്നും വി എസ് ആരോപിക്കുന്നു.

വിജിലന്‍സിനെതിരെ വി എസ് ഉയര്‍ത്തുന്ന പരാതികള്‍ അവസാനിക്കുന്നില്ല. പാറ്റൂര്‍, ടൈറ്റാനിയം, മൈക്രോ ഫിനാന്‍സ് അഴിമതികേസില്‍ അന്വേഷണം ഇഴയുന്നത് ചൂണ്ടിക്കാട്ടിയാണ് വി എസ്സിന്‍റെ വിമര്‍ശനം. കോടികള്‍ ഖജനാവിന് നഷ്‍ടമുണ്ടാക്കിയ അഴിമതിക്കേസില്‍ പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് ആവശ്യം. വെള്ളാപ്പള്ളിക്കെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ ഇട്ടതൊഴിച്ചാല്‍ അന്വേഷണം എവിടെയുമെത്തിയില്ല. പ്രതികളുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണെന്നാണ് വി എസ്സിന്‍റെ ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള ത്വരിത പരിശോധനയ്‍ക്കു പോലും എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുമ്പോള്‍ സ്‌ത്രീകളെ കബളിപ്പിച്ച് വഴിയാധാരമാക്കിയ അഴിമതിക്കേസുകള്‍ പ്രത്യേക സംഘത്തെ വെച്ച് അന്വേഷിപ്പിക്കാത്ത വിജിലന്‍സ് നടപടി ദുരൂഹമാണെന്നും വി എസ് കുറ്റപ്പെടുത്തുന്നു. വിജിലന്‍സിനെയും ഡയറക്ടര്‍ ജേക്കബ് തോമസിനെയും മുഖ്യമന്ത്രി പൂ‍ര്‍ണ്ണമായും പിന്തുണക്കുമ്പോഴും വിജിലന്‍സ് പ്രവര്‍ത്തനങ്ങളെ വി എസ് പരസ്യമായി കുറ്റപ്പെടുത്തുന്നത്.