വിഴിഞ്ഞം തുറമുഖ പദ്ധതി സ്വകാര്യ കന്പനിയെ ഏല്‍പിച്ചതിലെ പ്രശ്നങ്ങള്‍ വീണ്ടും തുറന്നുകാട്ടി വി എസ് അച്യുതാനന്ദന്‍ . തുറമുഖങ്ങള്‍ പൊതുമേഖലയില്‍ വരണമെന്നതാണ് എല്‍ഡിഎഫ് നയം . അതിന് വിരുദ്ധമായിട്ടുളള നടപടി കേരളത്തോടുള്ള ദ്രോഹമാണെന്നും വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ കുളച്ചൽ തുറമുഖത്തിന് നൽകിയ അനുമതിക്കെതിരെ കേരളം കേന്ദ്രത്തിനെ ആശങ്ക അറിയിക്കും.

ഐസ്ക്രീം, ലോട്ടറി കേസുകള്‍ക്ക് പിന്നാലെ വിഴിഞ്ഞത്തിലെ സര്‍ക്കാര്‍ നിലപാടും വി എസ് ചോദ്യം ചെയ്യുകയാണ്. വിഴിഞ്ഞം പദ്ധതി അദാനിയുടെ സ്വകാര്യ സന്പാദ്യമാണ്. തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പ്രവണത അപകടകരമാണ്. തുറമുഖങ്ങള്‍ പൊതുമേഖലയില്‍ വരണമെന്നതാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും എല്‍ഡിഎഫിന്‍റേയും നിലപാട് . സര്‍വകക്ഷി യോഗങ്ങളിലും തീരുമാനിച്ചത് ഇതു തന്നെയാണ്. ഇതിന്‍റെ തുടര്‍ച്ചയായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞത്ത് മദര്‍പോര്‍ട്ട് എന്ന ആശയം മുന്നോട്ടുവച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയും നിതിന്‍ ഗഡ്‍കരിയും അദാനിയും ചേര്‍ന്ന് സര്‍വകക്ഷി യോഗത്തിലെ ധാരണകള്‍ അട്ടിമറിച്ചു. കേരളത്തോട് കാണിച്ച ദ്രോഹ സമീപനമാണിതെന്നും വി എസ് കുറ്റപ്പെടുത്തുന്നു . വിഴിഞ്ഞം അദാനിയെ ഏല്‍പിച്ചതിലടക്കം വന്പന്‍ അഴിമതി ആരോപണം ഉന്നയിച്ച എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വി എസ് . ഈ വിഷയം നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതിയ പോര്‍മുഖം കൂടി തുറക്കുകയാണ് വി എസ്. കുളച്ചല്‍ പദ്ധതി ഏറ്റെടുക്കുന്നതും അദാനിയുടെ ബിനാമിയാണ്. ഇത് ഈ മേഖലയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും വി എസ് പറയുന്നു. അതേസമയം കുളച്ചൽ തുറമുഖത്തിന് നൽകിയ അനുമതിയില്‍ കേരളത്തിന് ആശങ്കയുണ്ടെങ്കിലും വിഴിഞ്ഞത്തെ വലിയതോതില്‍ ബാധിക്കില്ലെന്ന വിലയിരുത്തലുമുണ്ട് . ഇതേക്കുറിച്ച് മുഖ്യമന്ത്രിയുമായി തുറമുഖ മന്ത്രി ആശയവിനിമയം നടത്തിയിട്ടുണ്ട്. സെക്രട്ടറി തല ചര്‍ച്ചകളും നടക്കുന്നുണ്ട് . ഇതിനുശേഷമാകും മുഖ്യമന്ത്രി കേന്ദ്രത്തെ ആശങ്ക അറിയിക്കുക.