റവന്യുവകുപ്പിലെ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന സുശീലാ ഭട്ടിനെ മാറ്റിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രമാദമായ ഭൂമികേസുകള്‍ തീരും വരെയെങ്കിലും സുശീലയെ നിലനിര്‍ത്തണമെന്നാണ് വി എസ്സിന്റെ ആവശ്യം.

സുശീലാ ഭട്ടിനെ മാറ്റിയതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വി എസ്സും രംഗത്തെത്തുന്നത്. ഹാരിസണ്‍, കരുണ, ടാറ്റാ ഉള്‍പ്പെട്ട ഭൂമികേസുകളില്‍ പത്ത് വര്‍ഷമായി സുശീലാ ഭട്ടാണ് സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. കേസുകള്‍ തീരും വരെയെങ്കിലും സുശീലാ ഭട്ടിനെ നിലനിര്‍ത്തണമെന്നാണ് പിണറായിക്കുള്ള കത്തില്‍ വി എസ് ആവശ്യപ്പെടുന്നത്. സുശീലാ ഭട്ടിന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന വാദം ഉയരുമ്പോഴാണ് വി എസ്സിന്റെ ഇടപെടല്‍.

തന്നെ മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ തുറന്നടിച്ച് സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ സുശീലാ ഭട്ട് രംഗത്തെത്തിയിരുന്നു തന്നെ മാറ്റിയതിന് പിന്നില്‍ വനം മാഫിയയുടെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നതായി സുശീല ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പ്ലീഡറെ മാറ്റിയത് സാധാരണ നടപടിയെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. വി എസ്സിനെ ഭരണപരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷനാക്കാനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ തെറ്റ് തിരുത്താനുള്ള വി എസ്സിന്റെ കത്ത് എന്നുള്ളതും ശ്രദ്ധേയം.