സർക്കാരിന്‍റെ നൂറാംദിനത്തിൽ ജനകീയ സമരമേറ്റെടുത്ത് വി എസ് അച്യുതാനന്ദന്‍. പാലക്കാട്ടെ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
ശരീരഭാഗങ്ങളടക്കമുള്ള ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്ന മലമ്പുഴയിലെ ഇമേജിനെതിലെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വി എസ് കേന്ദ്രം സന്ദർശിച്ചത്. ഐഎംഎയുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൽ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിൽ നിന്നുമായി 32 ടൺ അവശിഷ്ടങ്ങളാണ് ദിനം പ്രതിയെത്തുന്നത്. സമീപത്തെ കൃഷിയിടങ്ങളിലേക്കും, കോരപ്പുഴയിലേക്കും ഇവിടെ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ സമരം കണക്കിലെടുത്ത് കേന്ദ്രം അടച്ചു പൂട്ടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് വി എസ് ആവശ്യപ്പെട്ടു.
തിരുവന്തപുരത്തും, കൊച്ചിയിലും ആശുപത്രി മാലിന്യ സംക്രണ കേന്ദ്രങ്ങൾ തുടങ്ങാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രാദേശികമായ എതിർപ്പുകളെത്തുടർന്ന് കേന്ദ്രം സ്ഥാപിക്കാനായിട്ടില്ല. ഇതിനാലാണ് സംസ്ഥാനത്ത് 1000ത്തിലേറെ സർക്കാർ ആശുപത്രികളിൽ നിന്നും 6500 സ്വകാര്യ ആശുപത്രികളിൽ നിന്നും പാലക്കാട്ടേക്ക് മാലിന്യമെത്തിക്കുന്നത്. മാറാ രോഗ യൂണിറ്റെന്നും ദേശദ്രോഹപരമെന്നും വിഎസ് വിശേഷിപ്പിച്ച സ്ഥാപനത്തിനെതിരെ സർക്കാർ ഇനിയെന്ത് നടപടിയെടുക്കുമെന്നാണ് കണഅടറിയാനുള്ളത്.
