കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. ഉത്തരേന്ത്യന്‍ ആധിപത്യത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധി എന്ന് വി.എസ്.അച്യുതാനന്ദന്‍ അനുശോചിച്ചു. 

തിരുവനന്തപുരം: കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. ഉത്തരേന്ത്യന്‍ ആധിപത്യത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധി എന്ന് വി.എസ്.അച്യുതാനന്ദന്‍ അനുശോചിച്ചു. 

അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആ രാഷ്ട്രീയ നേതാവുമായി പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തിലും, ജയിലിലായിരുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ചികിത്സ നല്‍കുന്ന കാര്യത്തിലും, കൂടങ്കുളം വിഷയത്തിലുമെല്ലാം കരുണാനിധിയുമായി ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. തമിഴ് ജനതയെ ദ്രാവിഡ സ്വത്വബോധത്തിലേക്ക് നയിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിക്കുകയുണ്ടായി. തിരക്കഥാകൃത്ത്, നാടകക്കാരന്‍, സാഹിത്യകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു, കരുണാനിധിയുടേത്. ദേശീയ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യയുടെ ശബ്ദമാവാന്‍ അദ്ദേഹത്തിന് പല ഘട്ടങ്ങളിലും കഴിഞ്ഞിട്ടുണ്ട്. കലൈഞ്ജര്‍ കരുണാനിധിയുടെ ദേഹവിയോഗം, അദ്ദേഹത്തിന്‍റെ പാദമുദ്ര പതിഞ്ഞ എല്ലാ മേഖലകളിലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വി.എസ്.അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.