ദില്ലി:നവകേരള പുനര്‍നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്ത കെപിഎംജി കണ്‍സള്‍ട്ടന്‍സിക്കെതിരായ വി.എസ് അച്യുതാനന്ദന്‍റെ കത്ത് പിബിയില്‍ വെയ്ക്കും. കെപിഎംജിക്ക് ചുമതല നൽകിയത് പുനപരിശോധിക്കണം എന്നതാണ് കത്ത്. ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്‍റെ പേരില്‍ അന്വേഷണം നേരിട്ട കമ്പനിയാണ് കെപിഎംജിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

കെപിഎംജിയെ മാത്രം പഠനം ഏൽപ്പിക്കാനല്ല തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം പുനർനിർമ്മാണ കാര്യത്തിൽ തുറന്ന മനസെന്ന് എസ്.രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കു. സൗജന്യമായി സേവനം നൽകാമെന്ന കെപിഎംജിയുടെ നിര്‍ദ്ദേശം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.