Asianet News MalayalamAsianet News Malayalam

ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനായ ക്രിമിനല്‍ കേസ് പ്രതിയെ അറസ്റ്റ് ചെയ്യുമോ മുഖ്യമന്ത്രിയോട് വി ടി ബല്‍റാമിന്റെ ചോദ്യം

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി വി.ടി.ബല്‍റാം എംഎല്‍എ. ജാമ്യമില്ലാത്ത ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ് പി എസ് ശ്രീധരന്‍ പിള്ള പൊലീസ് സംരക്ഷണയില്‍ ജാഥ നയിക്കുന്നത് എങ്ങനെയാണെന്ന് വി ടി ബല്‍റാം ചോദിക്കുന്നു.  

v t balram questions pinarayi regarding p s sreedharan pilla arrest
Author
Thiruvananthapuram, First Published Nov 9, 2018, 11:05 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി വി.ടി.ബല്‍റാം എംഎല്‍എ. ജാമ്യമില്ലാത്ത ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ് പി എസ് ശ്രീധരന്‍ പിള്ള പൊലീസ് സംരക്ഷണയില്‍ ജാഥ നയിക്കുന്നത് എങ്ങനെയാണെന്ന് വി ടി ബല്‍റാം ചോദിക്കുന്നു.  

ഒറിജിനല്‍ രഥയാത്രയുമായി വന്ന എല്‍.കെ.അദ്വാനിയെ ഇടക്കു വെച്ച് അറസ്റ്റ് ചെയ്യാന്‍ ചങ്കുറപ്പ് കാട്ടിയിട്ടുള്ള ലാലു പ്രസാദ് യാദവിനെ പോലുള്ള മുഖ്യമന്ത്രിമാര്‍ ഈ രാജ്യത്ത് ഉണ്ടായിരുന്നുവെന്ന് ബല്‍റാം ഓര്‍മിപ്പിക്കുന്നു. കേന്ദ്രഭരണം നഷ്ടപ്പെടുമെന്നത് പോലും കണക്കിലെടുക്കാതെയാണ് അന്ന് ആ മുഖ്യമന്ത്രി ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധീരമായ തീരുമാനം കൈക്കൊണ്ടതെന്നും ബല്‍റാം വിശദമാക്കുന്നു.

ഇന്നിപ്പോള്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദാന്തരീക്ഷത്തെ തകര്‍ത്ത് കലാപാഹ്വാനവുമായി കടന്നുവരുന്ന ആര്‍എസ്എസിന്റെ ഈ ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനായ ക്രിമിനല്‍ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജ്ജവം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുമോ അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ ചോദിക്കുന്നു. 

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കണമെന്നും ഗൂഡാലോചനയേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സർക്കാർ വിലാസം യുവജന സംഘടന ഡിവൈഎഫ്ഐയും പരസ്യമായി ആവശ്യപ്പെട്ടിട്ടും അഞ്ച് ദിവസം പിണറായി വിജയൻ സർക്കാർ അനങ്ങിയില്ല. അവസാനം മുൻ കെ എസ് യു നേതാവും വീക്ഷണത്തിലെ പത്രപ്രവർത്തകനുമായ ഷൈബിൻ നന്മണ്ടയുടെ പരാതിയിലാണ് മറ്റ് നിവൃത്തിയില്ലാതെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.

ഏതായാലും ജാമ്യമില്ലാത്ത ഒരു ക്രിമിനൽ കേസിലെ പ്രതിയാണ് ഇപ്പോൾ വടക്കുനിന്ന് പോലീസ് സംരക്ഷണത്തിൽ ജാഥയും നയിച്ചുകൊണ്ട് വരുന്ന ശ്രീധരൻപിള്ള. അദ്ദേഹത്തിനെതിരെ ഇനി എന്ത് നടപടിയാണ് സർക്കാർ എടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒറിജിനൽ രഥയാത്രയും നയിച്ചുവന്ന സാക്ഷാൽ എൽ.കെ. അദ്വാനിയെ ഇടക്കുവെച്ച് അറസ്റ്റ് ചെയ്യാൻ ചങ്കുറപ്പ് കാട്ടിയിട്ടുള്ള ലാലു പ്രസാദ് യാദവിനേപ്പോലുള്ള മുഖ്യമന്ത്രിമാർ ഈ രാജ്യത്ത് ഉണ്ടായിരുന്നു. 

കേന്ദ്ര ഭരണം നഷ്ടപ്പെടുമെന്നത് പോലും കണക്കിലെടുക്കാതെയാണ് അന്ന് ആ മുഖ്യമന്ത്രി ഇന്ത്യയുടെ മതേതരത്ത്വം സംരക്ഷിക്കാൻ വേണ്ടിയുള്ള ധീരമായ തീരുമാനം കൈക്കൊണ്ടത്. ഇന്നിപ്പോൾ കേരളത്തിന്റെ മതസൗഹാർദ്ദാന്തരീക്ഷത്തെ തകർത്ത് കലാപാഹ്വാനവുമായി കടന്നുവരുന്ന ആർഎസ്എസിന്റെ ഈ ഡ്യൂപ്ലിക്കേറ്റ് രഥയാത്രയുടെ നായകനായ ക്രിമിനൽ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ആർജ്ജവം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുമോ അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളത്.
 

Follow Us:
Download App:
  • android
  • ios