പരിഹാസങ്ങള്‍ക്ക് മറുപടിയുമായി വി ടി ബല്‍റാം
ജോസ് കെ മാണിയ്ക്ക് വിയോജിപ്പോടെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനെ പരിഹച്ച് ഇറങ്ങുന്ന ട്രോളുകള്ക്കും ആരോപണങ്ങള്ക്കും മറുപടിയുമായി വി ടി ബല്റാം എംഎല്എ. കോണ്ഗ്രസിന്റെ നിലവിലെ രാജ്യസഭാ സീറ്റ് കേരളാ കോണ്ഗ്രസിന് വിട്ടുനല്കിയതില് പ്രതിഷേധിച്ച് വിയോജിപ്പോടെ ജോസ് കെ മാണിയ്ക്ക് വോട്ടുചെയ്യുമെന്ന് ബല്റാം കിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ഗതികേടിനേക്കാൾ എത്രയോ ഭേദമാണ് മാറ്റങ്ങൾക്ക് വേണ്ടി ശബ്ദിക്കാനെങ്കിലും കഴിയുന്ന തങ്ങളുടെ അവസ്ഥയെന്ന് ബല്റാം ഫേസ്ബുക്കില് കുറിച്ചു.
പാർട്ടി നേതാക്കൾക്ക് 'തെറ്റാവരം' കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണ കോൺഗ്രസിൽ പൊതുവേ ഇല്ലാത്തതിനാൽ വിമർശിക്കേണ്ട വിഷയങ്ങളിൽ വിമർശിക്കും. യോജിപ്പുകളും വിയോജിപ്പുകളും ഭയമില്ലാതെ മുന്നോട്ടുവക്കും. എല്ലാം ഒറ്റയടിക്ക് അംഗീകരിക്കപ്പെടും എന്ന അമിത പ്രതീക്ഷയില്ല. ചിലത് ഭാഗികമായി അംഗീകരിക്കപ്പെട്ടേക്കാം, ചിലതിൽ തൽക്കാലത്തേക്ക് തിരിച്ചടിയായിരിക്കാം ഉണ്ടാകുന്നത്. എന്നാൽ സദുദ്ദേശ്യത്തോടെയുള്ള ഏത് വിമർശനവും അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെത്തന്നെയാണ്. അതുകൊണ്ടുതന്നെ പറയാനുള്ളത് പറയുകയും വിയോജിപ്പുകളും വ്യത്യസ്ത വീക്ഷണങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ പൊതു സമവായങ്ങൾക്കുള്ള ഇടം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ജനാധിപത്യ സംഘടനകളുടെ രീതിയെന്നും ബല്റാം പറഞ്ഞു.
വി ടി ബല്റാം എംഎല്എയുടെ പോസ്റ്റ്
"തൊഴിലാളി വർഗ്ഗ സ്വേച്ഛാധിപത്യം" (dictatorship of the proletariat) നടപ്പാക്കുക എന്ന ആശയം പാർട്ടി ലക്ഷ്യമായി സ്വന്തം ഭരണഘടനയിൽ എഴുതി വച്ചിട്ട് അതിൽ നിന്നും കടകവിരുദ്ധമായ ഇന്ത്യയിലെ ബഹുകക്ഷി പാർലമെൻററി ജനാധിപത്യത്തിൽ പങ്കെടുക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയുമൊക്കെച്ചെയ്യുന്നവരാണ് സിപിഎമ്മുകാർ. അതിനേക്കുറിച്ചുള്ള അവരുടെ ന്യായവാദം തങ്ങൾ ഇപ്പോഴും വിപ്ലവ പാർട്ടി തന്നെയാണെന്നും സാമൂഹിക സാഹചര്യങ്ങൾ അനുകൂലമാവുന്നതു വരെ, അതായത് ജനകീയ ജനാധിപത്യ വിപ്ലവത്തിന് പാകമാവുന്നതുവരെ, ഒരു അടവ് നയം എന്ന നിലയിലാണ് ജനാധിപത്യത്തിൽ പങ്കെടുക്കുന്നതെന്നും ഒക്കെയാണ്. സാമ്പത്തിക നയത്തേക്കുറിച്ചടക്കമുള്ള ഏതൊരു പ്രത്യയശാസ്ത്ര ചോദ്യത്തിനും കടിച്ചാൽ പൊട്ടാത്ത വാക്കുകൾ വച്ചുള്ള ഈ മാതിരി യമണ്ടൻ പ്രതിക്രിയാവാതക വിശദീകരണങ്ങളാണ് സിപിഎമ്മിന് എഴുന്നെളളിക്കാനുള്ളത്.
കൗതുകകരമായി തോന്നുന്നത് ഇതേ സി പി എമ്മിന്റെ സൈബർ സഖാക്കളാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ ആവശ്യമാകുന്ന പക്ഷം "വിയോജിപ്പോടെ വോട്ട് ചെയ്യും'' എന്ന എന്റെ പ്രസ്താവനയെ ട്രോളി കുരു പൊട്ടിക്കുന്നത് എന്നതാണ്. Democratic dissent എന്നതൊന്നും നിങ്ങൾക്ക് ഈ ലോകത്ത് ഒരിടത്തും മനസ്സിലാവുന്ന കാര്യമല്ല കമ്യൂണിസ്റ്റ്കാരാ. പാർട്ടി നേതാക്കൾക്ക് 'തെറ്റാവരം' കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണ കോൺഗ്രസിൽ പൊതുവേ ഇല്ലാത്തതിനാൽ വിമർശിക്കേണ്ട വിഷയങ്ങളിൽ വിമർശിക്കും. യോജിപ്പുകളും വിയോജിപ്പുകളും ഭയമില്ലാതെ മുന്നോട്ടുവക്കും. എല്ലാം ഒറ്റയടിക്ക് അംഗീകരിക്കപ്പെടും എന്ന അമിത പ്രതീക്ഷയില്ല. ചിലത് ഭാഗികമായി അംഗീകരിക്കപ്പെട്ടേക്കാം, ചിലതിൽ തൽക്കാലത്തേക്ക് തിരിച്ചടിയായിരിക്കാം ഉണ്ടാകുന്നത്. എന്നാൽ സദുദ്ദേശ്യത്തോടെയുള്ള ഏത് വിമർശനവും അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെത്തന്നെയാണ്. അതുകൊണ്ടുതന്നെ പറയാനുള്ളത് പറയുകയും വിയോജിപ്പുകളും വ്യത്യസ്ത വീക്ഷണങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ പൊതു സമവായങ്ങൾക്കുള്ള ഇടം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ജനാധിപത്യ സംഘടനകളുടെ രീതി.
അടവ് നയത്തിന്റെയും മറ്റും പേര് പറഞ്ഞ് നിങ്ങളുടെ ചോദ്യം ചെയ്യാനാവാത്ത ഇരട്ടച്ചങ്കൻ നേതാക്കന്മാർ അവസരവാദപരമായി ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ മാലിന്യങ്ങളെ മുഴുവൻ മിണ്ടാതുരിയാടാതെ തലയിലേറ്റേണ്ടി വരുന്ന നിങ്ങളുടെ രാഷ്ട്രീയ ഗതികേടിനേക്കാൾ എത്രയോ ഭേദമാണ് മാറ്റങ്ങൾക്ക് വേണ്ടി ശബ്ദിക്കാനെങ്കിലും കഴിയുന്ന ഞങ്ങളുടെ അവസ്ഥ. വിമർശിക്കുന്നവർക്ക് മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാർ സ്വപ്നം കണ്ട് ഞെട്ടിയുണരേണ്ട അവസ്ഥയില്ല എന്നത് തന്നെയാണ് കോൺഗ്രസിനെ നിങ്ങളേക്കാൾ എത്രയോ മെച്ചപ്പെട്ടതാക്കുന്നത്.
