വടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസില്‍ നുണ പരിശോധനയ്ക്ക് തയാറെന്ന് കാണിച്ച ആരോപണ വിധേയരായ ജയന്തന്‍ ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. പരാതി കളവാണെന്ന് തെളിഞ്ഞാല്‍ പരാതിക്കാരിക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കാഞ്ചേരി സംഭവത്തില്‍ നുണ പരിശോധന വേണമെന്ന പരാതിക്കാരിയായ യുവതിയുടെ ആവശ്യത്തിന് പിന്നാലെയാണ് നുണപരിശോധനയ്ക്ക് തയാറാണെന്ന് കാണിച്ച് ജയന്തന്‍ ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.

കൂട്ടബലാല്‍സംഗം നടന്നെന്ന യുവതിയുടെ വെളിപ്പെടുത്തലും പരാതിയും വന്നതിന് ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും ജയന്തനടക്കമുള്ളവര്‍ കത്തില്‍ പറയുന്നു. സത്യസ്ഥിതി വെളിപ്പെടുന്നതിന് ഏത് ശാസ്ത്രീയ പരിശോധനകള്‍ക്കും തയാറാണെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

യുവതിയുടെ പരാതി കളവാണെന്ന് ബോധ്യപ്പെട്ടാല്‍ പരാതിക്കാരിക്കെതിരെ നടപടി വേണമെന്നും ആരോപണവിധേയരായ ജയന്തന്‍, ജിനീഷ്, ബിനീഷ്, ഷിബു എന്നിവര്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ്, ഡിജിപി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കും കത്തിന്‍റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. പണത്തിനുവേണ്ടിയുള്ള കള്ളപ്പരാതിയാണ് യുവതിയുടേതെന്നും കത്തില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.