തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ മതിയായ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്. പീഡനം നടന്നതായി പറയുന്ന വീട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീയതിയിലും വ്യക്തതയില്ല. അതുകൊണ്ടുതന്നെ നിയമ സാധുത പരിശോധിച്ചശേഷമെ അന്വേഷണം ആരോപണവിധേയരിലേക്ക് എത്തൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
 
വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പടെ നാലുപേര്‍ ആരോപണ വിധേയരായ കേസിലാണ് അന്വേഷണം പ്രതിസന്ധിയിലായിരിക്കുന്നത്. വേണ്ടത്ര തെളിവ് ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നാലംഗ സംഘം ബലാത്സംഗം ചെയ്തു എന്നാണ് പരാതിയിലുള്ളത്. അന്വേഷണസംഘത്തോടും മജിസ്ട്രേറ്റിന് മുന്നിലും യുവതി മൊഴി ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ തെളിവെടുപ്പില്‍ പീഡനം നടന്നതായി പറയുന്ന വീട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2014 ഏപ്രില്‍ അവസാനം പീഡനം നടന്നു എന്ന് പറയുന്നുവെങ്കിലും തീയതി സംബന്ധിച്ചും വ്യക്തതയില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാതെ ആരോപണ വിധേയരുടെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.

തെളിവുകളില്ലാതെ ആരോപണ വിധേയരുടെ അറസ്റ്റിന് തുനിഞ്ഞാല്‍ കോടതിയില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവരുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഇക്കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുമുണ്ട്. അതേസമയം, വടക്കാഞ്ചേരി ബലാത്സംഗക്കേസിൽ തെളിവില്ലെന്ന നിഗമനത്തിൽ പെട്ടെന്ന് എത്തിച്ചേർന്നതിൽ അത്ഭുതം തോന്നുന്നുവെന്ന് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ഡബ്ബിംഗ് താരം ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൊലീസിന്റെ തീരുമാനം വിചിത്രമാണെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി വനിതാകമ്മീഷനും മജിസ്ട്രേറ്റിനും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസിന് മാത്രമേ കാര്യങ്ങൾ ബോധ്യപ്പെടാതെയുള്ളൂവെന്നും വ്യക്തമാക്കി.